എൽദോ എബ്രഹാമിന്‍റെയും പി.രാജുവിന്‍റെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

എറണാകുളം ഡി.ഐജി ഓഫീസിലേക്ക് നടന്ന സിപിഐ മാർച്ചിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാം, സിപിഐ എറണാകുളം ജില്ല സെക്രട്ടറി പി.രാജു എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇരുവരും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു.

എറണാകുളം ഡിഐജി ഓഫീസ് മാര്‍ച്ചില്‍ പൊലീസുകാരെ അക്രമിച്ചുവെന്ന കേസിലാണ് മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാമിന്‍റെയും സിപിഐ ജില്ലാ സെക്രട്ടറി പി രാജുവിന്‍റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. ഇവര്‍ ഉൾപ്പെടെ പത്ത് സിപിഐ നേതാക്കൾക്കെതിരെയാണ് പോലീസ് ജാമ്യമില്ല കേസെടുത്തിരിക്കുന്നത്. ഇതിൽ നേരത്തെ ഒരു സി.പി.ഐ ലോക്കൽ സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇരുവരും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകുന്ന ദിവസം തന്നെ മജിസ്‌ട്രേറ്റ് ജാമ്യാപേക്ഷ പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി.

കേസില്‍ ജില്ല സെക്രട്ടറി പി രാജു ഒന്നാം പ്രതിയും എല്‍ദോ എബ്രഹാം രണ്ടാം പ്രതിയുമാണ്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അനധികൃതമായി സംഘം ചേരല്‍, പോലീസിന്‍റെ കൃത്യനിര്‍ഹഹണം തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് സിപിഐ നേതാക്കൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

വൈപ്പിൻ കോളജിൽ നടന്ന എസ്.എഫ്.ഐ – എ.ഐ.എസ്.എഫ് സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ പോലീസ് എസ്.എഫ്.ഐക്കനുകൂലമായ നിലപാട് സ്വീകരിക്കുന്നു എന്നാരോപിച്ചായിരുന്നു സിപിഐ മാർച്ച് നടത്തിയിരുന്നത്. മാർച്ചിനിടെ ഉണ്ടായ സംഘർഷത്തെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തള്ളി പറഞ്ഞത് സിപിഐയിൽ വലിയ വിഭാഗീയത സൃഷ്ടിച്ചിരുന്നു. എംഎൽഎയെ അക്രമിച്ചെന്ന പരാതിയിൽ നേരത്തെ എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എസ്.ഐക്കെതിരെ സർക്കാർ നടപടി സ്വീകരിച്ചിരുന്നു.

Comments (0)
Add Comment