വെള്ളപ്പൊക്കത്തിന്റെ കെടുതികൾ അവസാനിക്കും മുമ്പേ ജപ്പാനിൽ ചൂട് കാറ്റ് ദുരിതം വിതയ്ക്കുന്നു. ഉഷ്ണക്കാറ്റില്‍ 30 പേർ മരിച്ചു. ആയിരത്തോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഈ മാസം തന്നെയാണ് രാജ്യത്തെ പടിഞ്ഞാറൻ മേഖലയിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ ഇരുന്നൂറോളം പേർ മരിച്ചത്. ഇതിന് പിന്നാലെയാണ് 5 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ചൂട് രാജ്യത്ത് രേഖപ്പെടുത്തുന്നത്. പലയിടങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. ക്യോട്ടോ നഗരത്തിലെ ചൂട് ഒരാഴ്ചയായി 38 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്.
താപനില ഉയർന്നതിനെ തുടർന്ന് സൂര്യാഘാതവും നിർജലീകരണവും മൂലം ആയിരത്തിലധികം പേർ ചികിത്സയിലാണ്. കടുത്ത ചൂടിനെ നേരിടാൻ നടപടികൾ സ്വീകരിക്കാൻ ജപ്പാൻ വിദ്യാഭ്യാസ മന്ത്രാലയം സ്കൂളുകൾക് നിർദേശം നൽകിയിട്ടുണ്ട്. കൊടും ചൂടിനെ നേരിടാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ദരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സൂര്യാഘാതത്തിനുള്ള സാഹചര്യങ്ങൾ പരമാവാധി ഒഴിവാക്കാനും ധാരാളം വെള്ളം കുടിക്കാനും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ മേഖലയിൽ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളേയും ചൂട് പ്രതികൂലമായി ബാധിക്കുന്നുണ്ട്.