ഇനി സിം ഇല്ലാതെയും ഫോൺ വിളിക്കാം. പുത്തൻ വിദ്യയുമായി ബിഎസ്എൻഎൽ രംഗത്ത്. വിങ്സ് എന്ന ആപ്പിലൂടെയാണ് ഇത് സാധ്യമാകുന്നത്.
മൊബൈൽ സിം ഇല്ലാതെ മറ്റൊരാളുടെ ഫോണിലേക്ക് വിളിക്കാൻ കഴിയുന്ന പുത്തൻ ആപ്പ് ബിഎസ്എൻഎൽ അവതരിപ്പിച്ചു. ഇന്ത്യയിലാദ്യമായാണ് ഇന്റർനെറ്റ് ഫോൺ സംവിധാനം നിലവിൽ വരുന്നത്. ഈ മാസം 25 മുതലാകും രാജ്യത്ത് ഈ സേവനം ലഭ്യമാവുക.
ബിഎസ്എൻഎൽ ആപ്പായ ‘വിങ്സ്’ ഡൗൺലോഡ് ചെയ്യുന്നത് വഴിയാണ് ഈ സംഭാഷണം സാധ്യമാകുന്നത്. ഏത് നെറ്റ് വർക്കിലേക്കും വിളിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. സിഗ്നൽ ഒരു വിഷയമേ ആകില്ല. വിങ്സ് ആപ്പ് വിളിക്കുന്നയാൾക്ക് മാത്രം മതിയെന്നതും ഇതിന്റെ പ്രധാന ആകർഷണമാണ്.
ആദ്യഘട്ടത്തിൽ ഒരു വർഷത്തേക്കുള്ള ഇന്റർനെറ്റ് ഫോൺ സർവ്വീസ് പ്ലാനാണ് ബിഎസ്എൻഎൽ മുന്നോട്ട് വയ്ക്കുന്നത്. 1099 രൂപയാണ് പ്ലാൻ ആക്ടിവേറ്റ് ചെയ്യുന്നതിനായി വേണ്ടി വരുന്നത്.2000 രൂപ കൂടി മാസവാടക കൂടാതെ നൽകിയാൽ ഇനി വിദേശരാജ്യങ്ങളിലേക്കും സുഖമായി വിളിച്ച് സംസാരിക്കാം. മാത്രമല്ല, വീഡിയോ കോളിനുള്ള സൗകര്യവും വിങ്സ് ആപ്പിലുണ്ട്.