ഹോണ്ട ജാസിന്‍റെ പുതിയ പതിപ്പ് വിപണിയിൽ

Jaihind News Bureau
Friday, July 20, 2018

ഹോണ്ടയുടെ പ്രീമിയം ഹാച്ച്ബാക്കായ ജാസിന്‍റെ നവീകരിച്ച പുതിയ പതിപ്പ് വിപണിയിൽ. 7.35 ലക്ഷം മുതൽ 9.29 ലക്ഷവരെയാണ് വാഹനത്തിന്‍റെ വില.

സാങ്കേതിക വിഭാഗത്തിൽ മാറ്റമില്ലാതെയാണ് ഹോണ്ടയുടെ മോഡൽ എത്തിയിരിക്കുന്നത്. രൂപത്തിൽ മാറ്റങ്ങളോടെയാവും ജാസിന്‍റെ വരവ്. വലുപ്പമേറിയ എയർ ഇൻടേക്ക് സഹിതം പുത്തൻ മുൻ ബംമ്പർ, ഫോഗ് ലാംപ് ഹൗസിങ്ങിനു വേറിട്ട രൂപകൽപ്പന എന്നിവയാണ് കാറിന്‍റെ മുൻഭാഗത്തെ മാറ്റം.
മുൻഗ്രില്ലിന്‍റെ ആകൃതിയിൽ പരിഷ്‌ക്കാരമുണ്ട്. ഹോണ്ടയുടെ പുത്തൻ മോഡലുകളോട് സാമ്യമുള്ള ഗ്രീൽ ജാസിനും ഇടം പിടിച്ചു. എൽ.ഇ.ഡി ടെയിൽ ലാംപിന്‍റെ രൂപകൽപനയിലെ മാറ്റമാണ് വാഹനത്തിന്‍റെ മറ്റൊരു ആകർഷണ ഘടകം. കാറിലെ അലോയ് വീലുകൾക്കും പുത്തൻ മാറ്റം ഉണ്ട്. 15 ഇഞ്ച്  അലോയ് വീലാണ് നവീകരിച്ച ജാസിൽ ഉള്ളത്.

ഇൻഫോടെയ്‌മെന്‍റ് സംവിധാനം, ഓട്ടോമാറ്റിക് ഹെഡ്‌ലാംപ്, പുഷ് സ്റ്റാർ ബട്ടൻ, ക്രൂസ് കൺട്രോൾ ഫ്രണ്ട്,  സെന്‍റർ ആംറെസ്റ്റ് എന്നീ സൗകര്യങ്ങളും ഈ വാഹനത്തിന്‍റെ സവിശേഷതകളാണ്. 1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ എൻജിനുമാണ് കാറിനു കരുത്തേകുക. അഞ്ച് എക്‌സ്റ്റീരിയർ നിറങ്ങളിലായി ആണ് ജാസിനെ ഹോണ്ട വിപണിയിലെത്തിക്കുന്നത്.