സ്വിറ്റ്സര്‍ലന്‍ഡിനെ വീഴ്ത്തി സ്വീഡന്‍ ലോകകപ്പ് ക്വാര്‍ട്ടറില്‍

Jaihind News Bureau
Wednesday, July 4, 2018

സ്വിറ്റ്‌സർലന്‍ഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി സ്വീഡൻ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ കടന്നു. ഫോഴ്‌സ്ബർഗാണ് രണ്ടാം പകുതിയിൽ സ്വീഡന് വേണ്ടി വിജയഗോൾ നേടിയത്. 24 വർഷത്തിന് ശേഷമാണ് സ്വീഡൻ ലോകകപ്പിൻറെ ക്വാർട്ടറിലെത്തുന്നത്.

പന്ത് വരുതിയിൽ വെച്ചുകൊണ്ടുള്ള പൊസഷൻ ഗെയിമാണ് സ്വിറ്റ്‌സർലന്‍ഡ് കളിച്ചതെങ്കിൽ കിട്ടുന്ന അവസരം മുതലാക്കാനാണ് സ്വീഡൻ ശ്രമിച്ചത്. സ്വിറ്റ്‌സർലന്‍ഡും സ്വീഡനും അവസരങ്ങൾ ഇല്ലാതാക്കുന്ന കാഴ്ചയാണ് ആദ്യ പകുതിയിൽ കണ്ടത്. സ്വീഡന് ലീഡ് നേടിക്കൊടുക്കാനുള്ള സുവർണാവസരം 41-ാം മിനിറ്റിൽ ആൽബിൻ എക്ഡൽ പാഴാക്കി. ഗോളി മാത്രം മുന്നിൽ നിൽക്കെ ക്രോസിന്റെ രൂപത്തിൽ ലഭിച്ച സുവർണാവസരം പോസ്റ്റിന് മുകളിലൂടെ എക്ഡൽ അടിച്ചു പറത്തി.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. 66-ാം മിനിറ്റിൽ സ്വീഡിഷ് താരം ഫോഴ്‌സ്ബർഗായിരുന്നു കിട്ടിയ അവസരം മുതലാക്കി സ്വീഡനെ മുന്നിലെത്തിച്ചത്. ഫോഴ്‌സ്ബർഗിന്റെ ഷോട്ട് സ്വിറ്റ്‌സർലന്‍ഡിന്‍റെ മാനിവൽ അക്കാഞ്ചിയുടെ കാലിൽ തട്ടി ഗോളാകുന്നത് നോക്കി നിൽക്കാനേ സ്വിറ്റ്‌സർലന്‍ഡ് ഗോളി യാൻ സൊമെറിന് കഴിഞ്ഞുള്ളൂ.

സ്വീഡൻ ഗോൾ നേടിയതിന് പിന്നാലെ പ്രധാന താരങ്ങളിലൊരാളായ ഷാക്കയ്ക്ക് മഞ്ഞ കാർഡ് കിട്ടിയത് സ്വിറ്റ്‌സർലന്‍ഡിനെ വീണ്ടും പ്രതിരോധത്തിലാക്കി. ഫോഴ്‌സ്ബർഗിനെ ഫൗൾ ചെയ്തതിന് ബെറാമിക്ക് നേരത്തെ 61-ാം മിനിറ്റിൽ മഞ്ഞ കാർഡ് ലഭിച്ചിരുന്നു.

എഴുപത്തിയൊമ്പതാം മിനിറ്റിൽ ഷാക്കിരിയുടെ കോർണറിനെ ഗോൾ ലൈൻ സേവ് നടത്തി ഫോഴ്‌സ്ബർഗ് വീണ്ടും സ്വീഡന്റെ രക്ഷകനായി.

ഇഞ്ചുറി ടൈമിൽ സ്വീഡന് അനുകൂലമായി പെനാൽറ്റി വന്നതോടെ മത്സരം സ്വിറ്റ്‌സർലന്‍ഡിനെ കൈവിട്ടു. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ ഗോളിലേക്ക് ഒറ്റയ്ക്ക് മുന്നേറുകയായിരുന്ന ഓൽസനെ തള്ളി വീഴ്ത്തിയതിനാണ് റഫറി ലഗിന് ചുവപ്പുകാർഡും സ്വീഡന് അനുകൂലമായി പെനൽറ്റിയും വിധിച്ചത്.

റഫറിയുടെ തീരുമാനം വി.എ.ആറിന് വിട്ടു. ബോക്‌സിന് തൊട്ടു പുറത്തുവെച്ചാണ് ഫൗളെന്ന് വ്യക്തമായതോടെ പെനാൽറ്റി ഒഴിവായെങ്കിലും ചുവപ്പുകാർഡ് തീരുമാനം റഫറി മാറ്റിയില്ല. അവസാന നിമിഷത്തെ ഫ്രീകിക്ക് എങ്ങുമെത്താതെ അവസാനിച്ചതിന് പിന്നാലെ റഫറിയുടെ ലോംഗ് വിസിലും മുഴങ്ങി. സ്വീഡന്റെ റഷ്യൻ ലോകകപ്പിലെ സ്വപ്‌ന സമാനമായ കുതിപ്പ് ക്വാർട്ടറിലേക്ക് കടന്നു. ഇംഗ്ലണ്ടാണ് ക്വാർട്ടറിൽ സ്വീഡന്റെ എതിരാളികൾ.