സിപിഎം വാദം പൊളിഞ്ഞു; അടിമാലിയില്‍ ഒരിടത്തും മറിയക്കുട്ടിക്ക് സ്ഥലമില്ലെന്ന് വില്ലേജ് ഓഫീസര്‍

Jaihind Webdesk
Tuesday, November 14, 2023


പെന്‍ഷന്‍ വൈകിയതിനെ തുടര്‍ന്ന് അടിമാലിയില്‍ ഭിക്ഷ യാചിക്കാനിറങ്ങിയ മറിയക്കുട്ടിക്ക് ഒന്നരയേക്കര്‍ സ്ഥലമുണ്ടെന്ന സിപിഎം വാദം പൊളിഞ്ഞു. അടിമാലിയില്‍ ഒരിടത്തും മറിയക്കുട്ടിക്ക് സ്ഥലം ഇല്ലെന്ന് വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തി.
പെന്‍ഷന്‍ വൈകിയതില്‍ പ്രതിഷേധിച്ച് ഭിക്ഷ യാചിക്കാന്‍ ഇറങ്ങിയതോടെ തനിക്കെതിരെ സിപിഎം വ്യാജ പ്രചരണം നടത്തുന്നുവെന്നും വീടിനു നേരെ കല്ലേറുണ്ടായെന്നും കഴിഞ്ഞ ദിവസം മറിയക്കുട്ടി പറഞ്ഞിരുന്നു. അടിമാലി പഞ്ചായത്തിലെ പഴംമ്പിള്ളിച്ചാലില്‍ ഒന്നര ഏക്കര്‍ ഭൂമിയുണ്ടെന്നാ സിപിഎം ആരോപണത്തിന് പിന്നാലെയാണ് മറിയക്കുട്ടി മാന്നാംങ്കണ്ടം വില്ലേജ് ഓഫീസില്‍ അപേക്ഷയുമായെത്തിയത്. എന്നാല്‍ വില്ലേജ് പരിധിയില്‍ മറിയക്കുട്ടിക്ക് ഭൂമിയില്ലെന്ന് വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തി.മറിയക്കുട്ടിയുടെ പേരില്‍ രണ്ട് വീടുകളുണ്ടെന്ന സിപിഎം പ്രചരണവും വ്യാജമാണെന്ന് തെളിഞ്ഞു. 87 വയസുള്ള തനിക്കെതിരെ സിപിഎം വ്യാജപ്രചരണം നടത്തുകയാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മറിയക്കുട്ടി പറഞ്ഞു.