ലൂസിഫറിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

Jaihind News Bureau
Friday, July 20, 2018

പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തുന്ന ലൂസിഫറിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തു വിട്ടു. വെളുത്ത ഷർട്ടിൽ മീശപിരിച്ച് കലിപ്പ് ലുക്കിൽ എത്തുന്ന താരത്തിന്റെ പോസ്റ്റർ ഇപ്പോൾ തന്നെ വൈറലായി കഴിഞ്ഞു.

മോഹൻലാൽ തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പോസ്റ്റർ പുറത്തു വിട്ടത്. പോസ്റ്ററിൽ മാസ് ലുക്കിലാണ് മോഹൻലാൽ പ്രത്യക്ഷപെട്ടിരിക്കുന്നത്. മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമിക്കുന്നത്. വിവേക് ഒബ്‌റോയി വില്ലനായി എത്തുന്നു. മോഹൻലാലിന്റെ സഹോദരനായി ടൊവിനോ തോമസാണ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇന്ദ്രജിത്തും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നതായി വാർത്തകൾ ഉണ്ട്. മഞ്ജു വാര്യർ, മംമ്ത മോഹൻദാസ്, ക്വീൻ ഫെയിം സാനിയ എന്നിവരും ചിത്രത്തിലുണ്ട്.

വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ ഫോണ്ട് നേരത്തേ പുറത്തിറങ്ങിയിരുന്നു. ദീപക് ദേവിന്റെ സംവിധാനത്തിലുള്ള ഫോണ്ട് മോഹൻലാൽ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തിറക്കിയത്. ആനന്ദ് രാജനാണ് ടൈറ്റിൽ ഫോണ്ട് ഡിസൈൻ ചെയ്തത്.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സുജിത് വാസുദേവാണ്. പൊളിറ്റിക്കൽ ത്രില്ലർ വിഭാഗത്തിൽപ്പെടുത്താവുന്ന സിനിമയായിരിക്കും ലൂസിഫറെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാ
ണ് ആരാധകർ കാത്തിരിക്കുന്നത്.