ഭിന്നമാണ് ഇവരുടെ ശേഷികൾ… ഡെയറിന്റെ തണലിൽ മുഖ്യധാരയിലേയ്ക്ക്..

Jaihind News Bureau
Wednesday, June 13, 2018

വിനോദ സഞ്ചാര ഭൂപടത്തിലും കയ്യേറ്റ വാർത്തകളിലും മൂന്നാറിലെ മഞ്ഞുമലകൾ നിറയുമ്പോൾ കാരുണ്യത്തിന്റെയും അതിജീവനത്തിന്റെയും സ്‌നേഹസ്പർശത്തിന്റെയും ഒരു സ്ഥാപനമുണ്ട് മൂന്നാറിൽ ടാറ്റയുടെ ഡെയർ. കാസർഗോഡ് എൻഡോസൾഫാൻ ഇരകളുടെ ദയനീയ കാഴ്ച കണ്ട കേരളത്തിന് മൂന്നാറിൽ അത്തരം ഒരു കാഴ്ച കാണാനാവില്ല.

മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ദിന്ന ശേഷിയുള്ള കുട്ടികൾക്കായി സർക്കാരിന് കരുതൽ ഇല്ലെങ്കിലും ടാറ്റയെന്ന ബഹുരാഷട്ര കമ്പനിയുടെ ഡെയർ എന്ന കാരുണ്യതീരത്തിൽ ഇവർ സുരക്ഷിതരാണ്. പഠനത്തിനും സുരക്ഷയ്ക്കും അപ്പുറം ഭിന്നശേഷിയുള്ള കുട്ടികളെ അവരുടെ കഴിവിനനുസരിച്ച് തൊഴിൽ പരിശീലനം നൽകി, സമൂഹത്തിന്റെ മുഖ്യധാരയിലേക്കുയർത്തുക എന്നവലിയ ദൗത്യമാണ് മഞ്ഞുമലുലകൾക്കിടയിലെ ഡെയർ എന്ന ഈ സ്ഥാപനം കാട്ടി തരുന്നത്.

പത്ര പരസ്യങ്ങളുടെയും വാർത്താ താളുകളുടെയും പിൻബലമില്ലെങ്കിലും ഡെയറിലെ കുട്ടികൾ വിദേശ രാജ്യങ്ങളുടെ പോലും അഭിനന്ദനത്തിന് അർഹരായിട്ടുണ്ട്. മാലിന്യത്തിൽ നിന്നും, ആനപിണ്ടത്തിൽ നിന്നും പോലും, തെളിർമയും ഭംഗിയുമുള്ള കടലാസും ഉൽപന്നങ്ങളും ഇവർ നിർമിച്ചെടുക്കുന്നു. ഇറ്റലിയിലെയും ഫ്രാൻസിലെയും ഫാഷൻ റാമ്പുകളിലെ വസ്ത്ര സങ്കൽപത്തിന്റെ ഭംഗിയിലും ഛായക്കുട്ടിലും മൂന്നാറിലെ ഈ ഭിന്നശേഷിക്കാരുടെ കരവിരുത് ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന് അറിയുമ്പോൾ മാത്രമാണ് ഇവരുടെ ലോക നിലവാരത്തിനും താഴെയാണ് മറ്റുള്ളവർ എന്ന് നമ്മളും സ്വയം തിരിച്ചറിയുന്നത്.

ലോകോത്തര നിലവാരമുള്ള ടാജ് റസിഡൻസിയുടെ രുചിക്കൂട്ടുകളുടെ പിന്നിലും ഈ ഭിന്നശേഷിക്കാരുടെ കൈപ്പുണ്യമുണ്ട്. ഒപ്പം സ്‌ട്രോബറി പഴത്തിന്റെ തനതു രുചി നഷ്ടപ്പെടാതെ വിവിധ ഉൽപന്നങ്ങളും ഇവർ വിപണിയിലെത്തിക്കുന്നുണ്ട് ജൈവ പച്ചക്കറി കൃഷിയിലും തങ്ങളുടെ ആരോഗ്യസ്ഥിതിയനുസരിച്ച് ഇവർ പങ്കാളികളാണ്. കാര്യപ്രാപ്തിയുള്ളവരായി ഇവരെ ഉയർത്തുന്നതിൽ ടാറ്റ കമ്പനി വഹിക്കുന്ന പങ്ക് എത്ര പ്രശംസിച്ചാലും അധികമാവില്ല.

തോട്ടങ്ങളിൽ തങ്ങൾ വിതറിയ വിഷക്കൂട്ടിന്റെ പ്രായശ്ചിത്തമായും ഇതിനെ കരുതാം. ലോക നിലവാരമുള്ള ക്ലാസ്സ് റൂമുകൾ, അദ്ധ്യാപികമാർ, അത്യാധുനികമായ സ്പീച്ച് തെറാപ്പി, പോഷകസമൃദ്ധമായ സൗജന്യ ഭക്ഷണം എന്നിവയ്ക്കും അപ്പുറം സ്‌റ്റേഹവും പരിചരണവും മാതാപിതാക്കളിലെന്നപോലെ ഇവിടെ ഇവർക്കു ലഭിക്കുന്നു. ഇവിടെയാണ് ദൈവത്തിന്റെ സ്വന്തം നാട് എന്ന് ഓരോ മലയാളിക്കും അഭിമാനത്തോടെ ലോകത്തോട് വിളിച്ചു പറയാൻ തോന്നുന്നത്.

എം.എൻ.സുരേഷ്