പ്രളയജലം പിന്‍വലിയുന്നു; എറണാകുളം ജില്ല സാധാരണ നിലയിലേക്ക്

Jaihind News Bureau
Monday, August 20, 2018

പ്രളയക്കെടുതിയിൽ നിന്നും എറണാകുളം ജില്ല സാധാരണ നിലയിലേക്ക് മടങ്ങുന്നു. അതേസമയം പറവൂർ മേഖലയിൽ ഇപ്പോഴും രൂക്ഷമായ വെള്ളക്കെട്ട് തുടരുകയാണ്. കുത്തിയതോട് ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിച്ചിരുന്ന പള്ളിക്കെട്ടിടം തകർന്ന് കാണാതായ നാല് പേരുടെ മൃതദേഹം കൂടി കണ്ടെത്തി.

കുത്തിയതോട് സെന്‍റ് സേവ്യേഴ്‌സ് പള്ളിയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിച്ചിരുന്ന കെട്ടിടം വ്യാഴാഴ്ചയാണ് ഇടിഞ്ഞ് വീണത്. കാണാതായ രണ്ട് പേരുടെ മൃതദേഹം ഞായറാഴ്ച കണ്ടെത്തിയിരുന്നു. ഇന്ന് നാല് മൃതദേഹങ്ങൾ കൂടി കിട്ടിയതോടെ മരണസംഖ്യ ആറായി. എറണാകുളം ജില്ലയിൽ രക്ഷാപ്രവർത്തനം പൂർത്തിയായതായി ജില്ലാഭരണകൂടം അറിയിച്ചു.

https://www.youtube.com/watch?v=xjlrIAM0uKc

വീടുകളിൽ കുടുങ്ങിയ എല്ലാവരെയും രക്ഷാപ്രവർത്തകർ ക്യാമ്പുകൾ എത്തിച്ചു. മഴക്കെടുതിയിൽ ജില്ലയിൽ 14 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക് വെള്ളം ഇറങ്ങി തുടങ്ങിയതോടെ പലരും വീടുകളിലേക്ക് മടങ്ങി തുടങ്ങി. വീടുകളിൽ അടിഞ്ഞുകൂടിയിരിക്കുന്ന ചെളി നീക്കം ചെയ്യുകയാണ് പ്രധാന വെല്ലുവിളി. ശുചിമുറികൾ ഉപയോഗശൂന്യമാണ്. കിണറുകളും മലിനപ്പെട്ടു. അതേസമയം പറവൂർ മേഖലയിൽ ഇപ്പോഴും വെള്ളക്കെട്ടുണ്ട്. മഴ മാറി നിൽക്കുന്നത് ആശ്വാസം നൽകുന്നുണ്ടെങ്കിലും ഇവിടത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ ആയിരങ്ങൾ ദുരിതത്തിൽ കഴിയുന്നു. പ്രളയത്തെ തുടർന്ന് ആലുവയിൽ നിന്ന് നിർത്തി വെച്ചിരുന്ന ജലവിതരണം ഭാഗികമായി പുനസ്ഥാപിച്ചു.

കെ.എസ്.ആർ.ടി.സി സർവീസുകൾ പുനരാരംഭിച്ചു. ട്രെയിൻ ഗതാഗതം പക്ഷേ ഭാഗികമാണ്. നെടുമ്പാശേരി വിമാനത്താവളത്തിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്ത് വരുന്നു. ഇവിടെ നിന്നുള്ള സർവീസുകൾ 26 വരെ നിർത്തി വെച്ചിരിക്കുകയാണ്. അതേസമയം കൊച്ചി നാവിക സേന വിമാനത്താവളത്തിൽ നിന്നും ആഭ്യന്തര സർവീസുകൾ തുടങ്ങിയത് യാത്രക്കാർക്ക് ആശ്വാസമായി. ബംഗളുരുവിലേക്കും കോയമ്പത്തൂരിലേക്കുമാണ് ചെറുവിമാനങ്ങളുള്ളത്. 19 വർഷങ്ങൾക്ക് ശേഷമായിരുന്നു ഇവിടെ നിന്നും ഒരു യാത്രാവിമാനത്തിന്‍റെ സർവീസ്.