പെനാല്‍റ്റി ഷൂട്ടൌട്ടില്‍ ഡെന്മാര്‍ക്കിനെ തകര്‍ത്ത് ക്രൊയേഷ്യ ക്വാര്‍ട്ടറില്‍

Jaihind News Bureau
Monday, July 2, 2018

നാടകീയത നിറഞ്ഞ ഇന്നലത്തെ രണ്ടാം മത്സരത്തിൽ ഡെന്മാർക്കിനെ മറികടന്ന് ക്രൊയേഷ്യ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചപ്പോൾ ഷൂട്ടൗട്ടിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ക്രൊയേഷ്യ വിജയിച്ചത്. ആവേശകരമായാണ് മത്സരം തുടങ്ങിയത്. ഒന്നാം മിനിറ്റില്‍ തന്നെ ജോർഗിൻസനിലൂടെ ഡെന്മാര്‍ക്ക് ഗോള്‍ വേട്ടയില്‍ മുന്നിലെത്തി.

ക്രൊയേഷ്യന്‍ മറുപടി വൈകിയില്ല, നാലാം മിനിറ്റില്‍ തന്നെ മന്‍ഡ്സൂകിച്ചിന്റെ ഗോളിലൂടെ നാലാം മിനിറ്റില്‍ തന്നെ ക്രൊയേഷ്യ സമനില ഗോള്‍ മടക്കി.

മികച്ച ആക്രമണ  ഗെയിം പുറത്തെടുത്ത ഇരു ടീമുകളും നിരവധി തവണ ഇരു ഗോള്‍ മുഖത്തും എത്തിയെങ്കിലും ഗോള്‍ വഴങ്ങാതെ കാസ്പര്‍ഷ്മൈഷലും സുബാസിചും പിടിച്ചു നിന്നപ്പോള്‍ നിശ്ചിത സമയത്തും ഗോള്‍ നില 1-1 എന്ന നിലയില്‍ തുടര്‍ന്നു.
മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയെങ്കിലും സ്‌കോര്‍ നിലയില്‍ മാറ്റമുണ്ടായിരുന്നില്ല. 114-ാം മിനിറ്റില്‍ പെനാല്‍റ്റി ലഭിച്ച ക്രൊയേഷ്യക്ക് മത്സരം കൈപ്പിടിയിലൊതുക്കാന്‍ അവസരം വന്നെങ്കിലും കാസ്‍പര്‍ഷ്‍മൈഷലന് മുന്നില്‍ കിക്ക് എടുത്ത മോഡ്രിച്ചിന് പിഴച്ചു.

ശേഷം മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. ആ സമയവും മതിയായിരുന്നില്ല മത്സര വിജയിയെ കണ്ടെത്താന്‍. മത്സരം പെനാൾട്ടി ഷൂട്ടൌട്ടിലേക്ക് നീങ്ങി.

ഡെന്മാര്‍ക്കിന് വേണ്ടി കിക്ക് എടുത്ത എറിക്സന്‍ , ഷോണെ, യോര്‍ഗന്‍സന്‍ എന്നിവരുടെ കിക്ക് തടഞ്ഞ് ക്രൊയേഷ്യന്‍ കീപ്പര്‍ സുബാസിച്ചും ബദല്‍ജ്, പിവാരിച്ച് എന്നിവരുടെ കിക്ക് തടഞ്ഞ് കാസ്പര്‍ഷ്മൈക്കിലും മത്സരത്തില്‍ നിറഞ്ഞു. പക്ഷെ നിര്‍ണായക കിക്ക് ഗോളാക്കി റാകിറ്റിച്ച് ക്രൊയേഷ്യയെ ക്വാര്‍ട്ടറിലേക്ക് നയിച്ചു.