പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിന് ജൂലൈ 18ന് തുടക്കമാകും

Jaihind News Bureau
Wednesday, June 27, 2018

പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം ജൂലൈ 18ന് ആരംഭിക്കും.18 ദിവസം നീളുന്ന സമ്മേളനം ഓഗസ്റ്റ് പത്തിനാണ് അവസാനിക്കുക.

വരാൻ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ തോൽവി ഭയന്ന് നവംബറിൽ നരേന്ദ്ര മോദി ലോക്സഭ പിരിച്ചുവിടുമെന്ന അഭ്യൂഹം രാജ്യതലസ്ഥാനത്ത് ശക്തമാണ്. അതിനാൽ തന്നെ വർഷകാല സമ്മേളനത്തിൽ പാർലമെന്‍റിന്‍റെ ഇരു സഭകളും പ്രക്ഷുബ്ധമാകും.

മുത്തലാക്ക്, മെഡിക്കൽ, ട്രാൻസ് ജൻഡർ, ഒബിസി ബില്ലുകൾ അടക്കമുള്ള സുപ്രധാന നിയമനിർമാണ ചർച്ചകൾ സമ്മേളന കാലയളവിലുണ്ടാകും. രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ കുര്യന്‍റെ കാലാവധി ജൂലൈ ഒന്നിന് അവസാനിക്കാനിരിക്കെ സമ്മേളനത്തിന്‍റെ തുടക്കത്തിൽ പുതിയ ഉപാധ്യക്ഷന് വേണ്ടിയുള്ള തിരഞ്ഞെടുപ്പുണ്ടാകും. ഭൂരിപക്ഷമില്ലാത്തതിനാൽ തങ്ങൾക്ക് സ്വീകാര്യനായ ഒരാളെ തിരഞ്ഞെടുക്കാന്‍ ബിജെപിയ്ക്ക് ആകില്ല. പ്രതിപക്ഷത്തിന് മേൽക്കൈ ഉള്ള രാജ്യസഭയിൽ പ്രതിപക്ഷ സ്ഥാനാർഥിയെ തുണയ്ക്കാൻ ബിജെപി നിർബന്ധിതമാകും. കഞ്ചിക്കോട് കോച്ച് ഫാക്ടറി ആവശ്യമുന്നയിച്ച് വർഷകാല സമ്മേളനത്തിൽ പ്രതിഷേധം ഉയർത്തുമെന്ന് കേരളത്തിലെ യുഡിഎഫ് എം.പിമാരും സൂചന നൽകിയിട്ടുണ്ട്.