വർണ്ണ വസ്ത്രങ്ങൾക്ക് മനോഹാരിത പകരുന്ന ആധുനിക സാങ്കേതികവിദ്യയിലൂടെയും യന്ത്ര നിർമ്മിതമായ അച്ചു കളിലൂടെയും നിർമ്മിച്ച വസ്ത്രങ്ങൾ നമുക്ക് സുപരിചിതമാണ്. എന്നാൽ പ്രകൃതിദത്തമായ വർണ്ണക്കൂട്ടുകളും അച്ചുകളും കൊണ്ട് നിർമിക്കുന്ന വസ്ത്രങ്ങൾക്ക് വൻ ഡിമാന്റുണ്ടെന്ന് തെളിയിക്കുകയാണ് മൂന്നാറിലെ അരണ്യ നാച്വറൽസ്. ഭിന്നശേഷിയുള്ള മുപ്പത്തഞ്ച് ആൺകുട്ടികളും പെൺകുട്ടികളുമാണ് ഈ സ്ഥാപനത്തിലെ ജോലിക്കാർ എന്നതാണ് എടുത്ത് പറയേണ്ട പ്രത്യേകത.
കൃത്രിമ ചായങ്ങളോ യന്ത്രസഹായമോ ഇല്ലാതെ പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ചായങ്ങൾ വസ്ത്രങ്ങളിൽ പിടിപ്പിച്ച്, പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ച് അച്ചുകൾ ഉണ്ടാക്കി അവയിലൂടെ കൈ കൊണ്ട് തന്നെ വിവിധ രൂപവും മാനവും നൽകുന്ന ചിത്രങ്ങൾ ആലേഖനം ചെയ്തവർണ്ണ വസ്ത്രങ്ങളാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്.
ആശലേ യാതൊരു വിലയുമില്ലാത്ത പാഴ് വസ്തുക്കളിൽ നിന്നും ഉൽപാദിപ്പിക്കുന്ന ഈ പ്രകൃതിദത്തമായ വസ്ത്രങ്ങൾ ഇന്ന് വിദേശത്തേക്ക് വരെ കയറ്റി അയക്കുന്നു. അരണ്യ നാച്വറൽസിന്റെ സൈറ്റിലൂടെ ഓൺലൈനായി വിവിധ രാജ്യങ്ങളിൽ നിന്നും വലിയ ഓർഡറുകളാണ് ഈ സ്ഥാപനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെ ഉൽപാദിപ്പിക്കുന്ന വസ്ത്രങ്ങളിൽ 60% വും കയറ്റി അയക്കുകയാണ്. മൂന്നാറിൽ ധാരാളമായി ലഭിക്കുന്ന തേയിലയുടെ വേസ്റ്റ്, കമ്യൂണിസ്റ്റ് പച്ച, മൾബറി വേസ്റ്റ്, യൂക്കാലി ഇല, തുടങ്ങിയവയാണ് ചായക്കൂട്ടുകൾക്കായി ഉപയോഗിക്കുന്നത്.
ഭിന്ന ശേഷിയുള്ള കുട്ടികളുടെ പുനരധിവാസത്തിനായി ആരംഭിച്ച ഈ സ്ഥാപനം ഇന്ന് വൻ വിജയമാണ്. ടാറ്റ കമ്പനിയിലെ തൊഴിലാളികൾക്ക് കിട്ടുന്ന ശമ്പളവും മറ്റ് എല്ലാ ആനുകൂല്യങ്ങളും ഇവർക്കും ലഭിക്കുന്നു എന്നതാണ് പ്രത്യേകത. സമൂഹത്തിലെ ഏതൊരാളെപ്പോലെയും കഴിവുള്ളവരാണ് തങ്ങൾ എന്ന് തെളിയിക്കുന്നതാണ് ഈ ഭിന്ന ശേഷിയുള്ളവർ ഉൽപാദിപ്പിക്കുന്ന വർണ്ണ വസ്ത്രങ്ങളും ഈ സ്ഥാപനത്തിന്റെ വിജയവും.
പാഴ് വസ്തുക്കൾ വലിച്ചെറിയുന്ന സമൂഹത്തിന് തിരുത്തലുമായി അവയിൽ നിന്നും വർണ്ണ വസ്ത്രങ്ങൾ രൂപപ്പെടുത്തി സമൂഹത്തിനാകെ മാതൃകയായി മാറിയിരിക്കുകയാണ് മൂന്നാറിലെ അരണ്യ നാച്വറൽസും കുട്ടികളും.
– എം.എൻ.സുരേഷ്