പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയില്‍

Jaihind News Bureau
Thursday, August 16, 2018

പ്രളയം ഏറ്റവും രൂക്ഷമായ പത്തനംതിട്ടയില്‍ പതിനായിരത്തോളം പേരാണ്  കുടുങ്ങിക്കിടക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായി ജില്ലയില്‍ മഴ വീണ്ടും ശക്തമായിട്ടുണ്ട്. വീടുകളുടെ ഒന്നാം നില പൂര്‍ണമായും വെള്ളത്തിനടിയിലായിരിക്കുകയാണ്. മിക്കവരും വീടുകളുടെ രണ്ടാം നിലയിലും ടെറസിലുമാണ് അഭയം തേടിയിരിക്കുന്നത്. ഭക്ഷണവും വെള്ളവും വൈദ്യുതിയും ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.

ദ്രുതഗതിയിലുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. സൈന്യത്തിനൊപ്പം ദേശീയ ദുരന്ത നിവാരണ സേനയും നാവികസേനയും രംഗത്തുണ്ട്. ഇതിനകം കുടുങ്ങിയ നിരവധി പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കഴിഞ്ഞു.

പമ്പയുടെ തീരത്ത് കരസേനയും തിരുവല്ല, റാന്നി, കോഴഞ്ചേരി താലൂക്കുകളില്‍ നാവികസേനയും മറ്റ് സേനാവിഭാഗങ്ങളും രക്ഷാപ്രവര്‍ത്തനം നടത്തി. ഒറ്റപ്പെട്ടവരെ കണ്ടെത്താനായി ഹെലികോപ്റ്റര്‍ സഹായത്തോടെയും തെരച്ചില്‍ തുടരുകയാണ്.

പ്രദേശത്തെ ബോട്ടുകള്‍ ഉള്‍പ്പെടെ 28 ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുള്ളത്. 23 ബോട്ടുകള്‍ കൂടി പുതുതായി തെരച്ചിലിന് ചേര്‍ന്നിട്ടുമുണ്ട്.