നോര്‍ത്ത് റിപ്പബ്ലിക് ഷര്‍ട്ടിന്‍റെ വ്യാജന്‍ വിപണിയില്‍; റെയ്ഡില്‍ വ്യാജഷര്‍ട്ടുകള്‍ പിടിച്ചെടുത്തു

Jaihind News Bureau
Wednesday, August 22, 2018

ചുരുങ്ങിയ കാലയളവിൽ വിപണിയിൽ വൻ സ്വീകാര്യത നേടിയ നോർത്ത് റിപ്പബ്ലിക്ക് ഷർട്ടുകളുടെ വ്യാജ പതിപ്പുകൾ വിപണിയിലെത്തി. തിരുവനന്തപുരത്ത് നിന്നും ഇത്തരം വ്യാജ ഷർട്ടുകളുടെ ശേഖരം അധികൃതർ പിടിച്ചെടുത്തു.

ചുരുങ്ങിയ കാലയളവിൽ ജനങ്ങളിൽ വൻ സ്വീകാര്യത നേടിയ ബ്രാന്‍ഡ് ആണ് നോർത്ത് റിപ്പബ്ലിക്ക് ഷർട്ടുകൾ. ഷർട്ടുകൾ പുറത്തിറങ്ങി ഏതാണ്ട് ഒരു വർഷത്തിനകം തന്നെ ജനങ്ങൾ ഈ ബ്രാന്‍ഡിനെ ഏറ്റെടുത്ത് കഴിഞ്ഞു. എന്നാൽ ഷര്‍ട്ടിന് പ്രിയം ഏറിയതോടെ ഷർട്ടിന്റെ വ്യാജ പതിപ്പുകൾ ചില സംഘങ്ങൾ വിപണിയിൽ പുറത്തിറക്കാൻ തുടങ്ങി.

നോർത്ത് റെപ്ലിക്കന്‍സ് എന്ന വ്യാജപേരിൽ നിരവധി ഷർട്ടുകളാണ് പുറത്തിങ്ങുന്നത്. കണ്ടാൽ ഒരേ പോലെ തോന്നിക്കുന്ന തരത്തിലാണ് വ്യാജ ഷർട്ടുകൾ പുറത്തിറക്കിയിരിക്കുന്നത്. ഇക്കാര്യം ശ്രദ്ധയിൽ പെട്ടതോടെ നോർത്ത് റിപ്പബ്ലിക്ക് ഷർട്ടുകളുടെ നിർമാതാവ് കോടതിയെ സമീപിക്കുകയും വ്യാജ പതിപ്പുകൾ പിടിച്ചെടുക്കുവാനായി കോടതി കമ്മീഷനെ നിയമിക്കുകയും ചെയ്തു. തിരുവനന്തപുരത്തെ കടകളിൽ ഇത്തരം വ്യാജ പതിപ്പുകൾ കണ്ടെത്തിയതോടെ
കമ്മീഷന്‍റെ നേതൃത്വത്തിൽ അവ പിടിച്ചെടുത്തു.