ദുരന്തപ്പെയ്ത്തില്‍ വിറങ്ങലിച്ച് കേരളം; ഇന്ന് മാത്രം മരണം 25

പ്രളയക്കെടുതിയിൽ കേരളം. ഇന്ന് മാത്രം 25 മരണം. 14 ജില്ലകളിലും അതീവ ജാഗ്രത. രക്ഷാ പ്രവർത്തനത്തിന് കൂടുതൽ കേന്ദ്രസേന. സംസ്ഥാനത്ത് വിദ്യാലയങ്ങൾക്ക് ഇന്ന് അവധി.

കനത്ത മഴയിൽ വ്യാപക നാശനഷ്ടം. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യസസ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.

പത്തനംതിട്ട ജില്ലയിൽ കനത്ത മഴയെ തുടർന്ന് സ്ഥിതി അതീവ ഗുരുതരം. റാന്നിമുതൽ ആറൻമുളവരെ വെള്ളപൊക്കം രൂക്ഷം. പത്തനംതിട്ടയിൽ പതിനായിരത്തോളം പേര്‍ ഒറ്റപ്പെട്ടു. നാവികസേന പത്തനംതിട്ടയിൽ എത്തി ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്തുന്നു. ഫയർഫോഴ്‌സ് ചെങ്ങന്നൂരിലും പത്തനംതിട്ടയിയിലും കണ്‍ട്രോൾ റൂം തുറന്നു.

പെരിയാറിൽ ജലനിരപ്പ് ഉയരുന്നു. ആലുവയിൽ ട്രെയിൻ ഗതാഗതം നിർത്തിവെച്ചു. ആലുവ ദേശീയ പാതയിൽ വെള്ളം കയറി. കൊച്ചി മെട്രോ സർവീസ് നിർത്തിവെച്ചു.

ഇടുക്കിയിൽ ജലനിരപ്പുയർന്നു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 13 ഷട്ടറുകളും നാലടി ഉയർത്തി വെള്ളം തുറന്നു വിടുകയാണ്.

പാലക്കാട് ജില്ലയിലും ശക്തമായ മഴ തുടരുകയാണ്. ഗായത്രി പുഴയുടെ കുറുകെയുള്ള അഞ്ചോളം പാലങ്ങൾ മുങ്ങി. ഗ്രാമപ്രദേശങ്ങളിൽ ജനങ്ങൾ ഒറ്റപ്പെട്ടു. കോഴിക്കോട്ടും പാലക്കാട്ടും തൃശൂരിലും ഉരുൾപൊട്ടലുണ്ടായി.

കോട്ടയം ജില്ലയിലും ശക്തമായ മഴ തുടരുന്നു. ഈരാറ്റുപേട്ട തീക്കോയിൽ ഉരുൾപൊട്ടി 4 പേർ മരിച്ചു. ജില്ലയിൽ വിവിധ ഇടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു. പോലീസും ഫയർഫോഴ്‌സും ചേർന്ന് ചിലയിടങ്ങളിൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്. ജില്ലയിൽ 60 ഓളം ദുരിതാശ്വാസ ക്യാമ്പുകളിലായി 2330 കുടുംബങ്ങളാണ് ഉളളത്.

kerala floods
Comments (0)
Add Comment