ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോറിന് പുറത്തായി ബംഗ്ലാദേശ്

Jaihind News Bureau
Thursday, July 5, 2018

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശ് വെറും 43 റൺസിന് പുറത്ത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാ കടുവകളെ എറിഞ്ഞൊതുക്കിയത് കെമർ റോച്ചിന്‍റെ പന്തുകളായിരുന്നു. വെറും എട്ടു റൺസ് വഴങ്ങി അഞ്ചു വിക്കറ്റുകളാണ് റോച്ച് വീഴ്ത്തിയത്.

ടെസ്റ്റിലെ ബംഗ്ലാദേശിന്‍റെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. 2007ൽ ശ്രീലങ്കയ്ക്കെതിരേ നേടിയ 62 റൺസായിരുന്നു ഇതിനു മുമ്പത്തെ നാണക്കേട്.

ആദ്യ ഓവറു മുതൽ സമ്മർദത്തിലാണ് ബംഗ്ലാദേശ് ബാറ്റു വീശിയത്. എന്നാൽ അഞ്ചാം ഓവർ വരെ വിക്കറ്റ് നഷ്ടപ്പെടാതെ ബാറ്റു വീശാൻ അവർക്കായി. തമീം ഇക്ബാലാണ് (4) ആദ്യം പുറത്താകുന്നത്. തൊട്ടുപിന്നാലെ ഒരു റൺസെടുത്ത മൊമിനുൾ ഹഖും മടങ്ങി. വിക്കറ്റ് നഷ്ടപ്പെടാതെ പത്തു റൺസിൽ നിന്ന് അഞ്ചിന് പതിനെട്ടിലേക്ക് ബംഗ്ലാദേശ് വീണത് പെട്ടെന്നായിരുന്നു.

മുഷ്ഫിക്കുർ റഹീം, ഷക്കീബ് അൽഹസൻ, മഹമ്മദുള്ള എന്നിവർ മടങ്ങിയത് പൂജ്യത്തിനാണ്. 25 റൺസെടുത്ത ലിറ്റൺ ദാസ് മാത്രമാണ് രണ്ടക്കം കടന്ന ഏക ബാറ്റ്സ്മാൻ. അഞ്ചോവറിൽ ഒരു മെയ്ഡനടക്കം വെറും എട്ടു റൺസാണ് റോച്ച് വിട്ടുകൊടുത്തത്.  മുഗുൾ കമ്മിൻസ് 11 റൺസ് വഴങ്ങി മൂന്നു വിക്കറ്റും വീഴ്ത്തി.