ത്യാഗസ്മരണയില്‍ ഇന്ന് ബലി പെരുന്നാള്‍

Jaihind News Bureau
Wednesday, August 22, 2018

ദൈവകൽപന പ്രകാരം സ്വന്തം മകനെ ബലിയർപ്പിക്കാൻ തയാറായ ഇബ്രാഹിം നബിയുടെ മഹത്തായ ത്യാഗസ്മരണയിൽ ലോക മുസ്‌ലീങ്ങൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു.

സമാനതകളില്ലാത്ത ത്യാഗത്തിന്റെ സ്മരണകളുണർത്തി വീണ്ടുമൊരു ബലിപെരുന്നാൾ. സർവശക്തന്റെ ആജ്ഞയ്ക്ക് മുമ്പിൽ പുത്രനെ ബലിനൽകാൻ പ്രവാചകൻ ഇബ്രാഹിം തയാറായതിന്‍റെ ഓർമയാണ് ബലിപെരുന്നാളിൽ പുതുക്കുന്നത്. അല്ലാഹുവിന്‍റെ കല്പനയ്ക്കും പ്രീതിക്കും വേണ്ടി ഏറ്റവും വിലപ്പെട്ടതിനേപ്പോലും ത്യജിക്കുവാൻ മനുഷ്യൻ തയാറാകുന്നതിന്റെ മഹത്തായ സൂചനയാകുന്നു ബക്രീദ്.

https://www.youtube.com/watch?v=aYejdSZtfow

ഇസ്‌ലാം കലണ്ടറിൽ അവസാന മാസമായ ദുൽഹജ്ജിൽ ആണ് ബക്രീദ് ആഘോഷിക്കുന്നത്. ‘ഇവ്ദ്’ എന്ന വാക്കിൽ നിന്നാണ് ‘ഈദ്’ ഉണ്ടായത്. ഈ വാക്കിനർഥം ‘ആഘോഷം , ആനന്ദം’ എന്നൊക്കെയാണ്. ഈദിന്റെ മറ്റൊരു പേരാണ് ഈദ് ഉൽസുഹ. ‘സുഹ’ എന്നാൽ ബലി. തനിക്കേറ്റവും പ്രിയങ്കരമായത് ഈശ്വര സന്നിധിയിൽ ബലിയായി നൽകി, സ്വയം തിരുബലിയാകുക എന്നതാണ് ബക്രീദിന്റെ ആത്യന്തിക സന്ദേശം.

വിവിധ നഗരങ്ങളിൽ വിവിധ മുസ്‌ലിം സംഘടനകൾ കൂട്ടായ ഈദ്ഗാഹുകൾക്ക് നേതൃത്വം നൽകുന്നുവെന്ന പ്രത്യേകതയും ബലിപെരുന്നാളിനുണ്ട്. ബക്രീദിന്റെ യഥാർഥ സന്ദേശം ഉൾക്കൊണ്ടുകൊണ്ട് പ്രളയദുരിതത്തിൽ കഴിയുന്ന ജനങ്ങൾക്ക് ആശ്വാസമെത്തിക്കണമെന്ന് ബക്രീദ് ആശംസ നേർന്നുകൊണ്ടുളള സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.