തുർക്കിയില്‍ എര്‍ദോഗാന്‍ തുടരും; ജയത്തിൽ സംശയം പ്രകടിപ്പിച്ച് പ്രതിപക്ഷം

Jaihind News Bureau
Monday, June 25, 2018

തുർക്കി പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്‍റ് റജബ് ത്വയ്യിബ് എർദോഗാന് ജയം. 53% വോട്ട് നേടിയാണ്  എർദോഗാൻ ഭരണം നിലനിർത്തിയത്.

എതിർ സ്ഥാനാർത്ഥി മുഹറം ഇൻസിന് 31% വോട്ട് മാത്രമേ നേടാൻ കഴിഞ്ഞുള്ളു. തൊഴിലില്ലായ്മയും സാമ്പത്തിക പ്രശ്‌നങ്ങളും ചർച്ചയായ തെരഞ്ഞെടുപ്പിലെ എർദോഗാന്‍റെ ജയത്തിൽ സംശയം പ്രകടിപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്.

2019 നവബംറിലായിരുന്നു പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കേണ്ടതെങ്കിലും എർദോഗാൻ നേരത്തെ നടത്തുകയായിരുന്നു. വിജയത്തോടെ പ്രസിഡന്‍റിന് കൂടുതൽ അധികാരങ്ങൾ നൽകുന്ന ഭരണഘടനയ്ക്ക് കീഴിൽ എർദോഗാൻ വീണ്ടും പ്രസിഡന്‍റായി. പ്രസിഡന്‍റിന് കൂടുതൽ അധികാരങ്ങൾ നൽകുന്ന ഭരണഘടനാ ഹിതപരിശോധന പാസായ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത് . 2014ൽ പ്രസിഡന്‍റ് പദവിയിലെത്തുന്നതിന് മുമ്പ് 11 വർഷം പ്രധാനമന്ത്രിയായിരുന്നയാളാണ് എർദോഗാൻ.

2016ലെ പട്ടാള അട്ടിമറി ശ്രമത്തിന് ശേഷം പ്രഖ്യാപിച്ച അടിയന്തരാവസ്ഥ തുർക്കിയിൽ ഇപ്പോഴും തുടരുകയാണ്. അധികാരത്തിലെത്തിയാൽ എർദോഗാന്‍റെ ഏകാധിപത്യ ഭരണത്തിൽ നിന്ന് തുർക്കിയെ മോചിപ്പിക്കുമെന്ന് പ്രതിപക്ഷം വാഗ്ദാനം ചെയ്തിരുന്നു.