ട്രാക്കിൽ സുവർണ ചരിത്രമെഴുതി ഹിമ ദാസ്

Jaihind News Bureau
Friday, July 13, 2018

അത്‌ലറ്റിക്‌സിൽ ചരിത്രമെഴുതി ഇന്ത്യയുടെ ഹിമ ദാസ്. അണ്ടർ20 ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 400 മീറ്ററിൽ ഹിമ ദാസിന് സ്വർണം. 18കാരിയായ ഹിമ 51.46 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കിയാണ് ഒന്നാമതെത്തിയത്.

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ട്രാക്കിൽ സ്വർണം നേടുന്ന ആദ്യ താരമാണ് ഹിമ. റൊമാനിയയുടെ ആന്ദ്രെ മികോലസ് (52.07) വെള്ളിയും അമേരിക്കയുടെ ടെയ്‌ലർ മൻസൻ (52.28) വെങ്കലവും നേടി.

സെമിയിൽ 52.10 സെക്കൻഡിലായിരുന്നു താരം ഓടിയത്. അസം സ്വദേശിനിയായ ഹിമ കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ ആറാമതായായിരുന്നു പൂർത്തിയാക്കിയത്. അന്ന് അണ്ടർ20 വിഭാഗത്തിലെ ദേശീയ റെക്കോഡും ഹിമ സ്വന്തമാക്കിയിരുന്നു. ഈയിടെ ഗുവാഹാട്ടിയിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ റെക്കോഡ് തിരുത്തിയെഴുതി. ഗുവാഹാട്ടിയിൽ 51.13 സെക്കൻഡാണ് ഹിമയ്ക്ക് 400 മീറ്റർ ഓടാൻ വേണ്ടി വന്നത്. അണ്ടർ20 ചാമ്പ്യൻഷിപ്പിൽ സ്വർണംനേടുന്ന രണ്ടാം താരമാണ് ഹിമ.

2016ൽ പോളണ്ടിൽ നടന്ന അണ്ടർ20 ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ നീരജ് ചോപ്ര സ്വർണം നേടിയിരുന്നു. സീമ പുനിയ (2002), നവ്ജീത് കൗർ ധില്ലൻ (2014) എന്നിവർ അണ്ടർ20 ചാമ്പ്യൻഷിപ്പിൽ മുമ്ബ് വെങ്കലം നേടിയിട്ടുണ്ട്.

അതേസമയം ചാമ്പ്യൻഷിപ്പിൽ ലോങ്ജമ്പിൽ ഫൈനലിലെത്തിയിരുന്ന മലയാളി താരം ശ്രീശങ്കർ ആറാം സ്ഥാനത്തായി. 7.75 മീറ്ററാണ് ശ്രീശങ്കർ താണ്ടിയത്.