ബോയിങ് 737 മാക്സ് വിമാനം സ്വന്തമാക്കി ജെറ്റ് എയർവെയ്സ്. ഒരു ഇന്ത്യൻ വിമാനക്കമ്പനി ഈ വിമാനം സ്വന്തമാക്കുന്നത് ആദ്യമാണ്. ബോയിങ് 737ന്റെ ഏറ്റവും പരിഷ്കരിച്ച പതിപ്പാണ് 737 മാക്സ്.
മെച്ചപ്പെട്ട ഇന്ധനക്ഷമതയും യാത്രാസുഖവും ഈ വിമാനത്തിൽ കമ്പനി വാഗ്ദാനം ചെയ്യുന്നു. പുതിയ 737 മാക്സ് വിമാനം ഭാവി വളർച്ചക്ക് നിർണായകമാണെന്നും പുതിയ വിമാനം അവതരിപ്പിക്കാനായതിൽ അഭിമാനമുണ്ടെന്നും ജെറ്റ് എയർവെയ്സ് ചെയർമാൻ നരേഷ് ഗോയൽ പറഞ്ഞു.
119 വിമാനങ്ങളുമായി ഇന്ത്യയിലെ രണ്ടാമത്തെ വലിയ എയർലൈൻസാണ് ജെറ്റ്. ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക തുടങ്ങിയ മേഖലകളിലെ 15 രാജ്യങ്ങളിലായി 65 സ്ഥലങ്ങളിലേക്ക് ജെറ്റ് എയർവെയ്സ് സർവീസ് നടത്തുന്നുണ്ട്.
2015ൽ ബുക്ക്ചെയ്ത 75 ജെറ്റുകളും ഈ വർഷം ബുക്ക്ചെയ്തിട്ടുള്ള 75 വിമാനങ്ങളും ചേർത്ത് 150 ബോയിങ് 737 മാക്സ് വിമാനങ്ങളിൽ ആദ്യത്തേതാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.