സംസ്ഥാനത്തെ പത്ത് ലക്ഷത്തോളം ഓട്ടോ-ടാക്സി-ലൈറ്റ് മോട്ടോർ വാഹന തൊഴിലാളികൾ ജൂലൈ 4 മുതൽ പണിമുടക്കും. ഓട്ടോ-ടാക്സി നിരക്കുകൾ ശാസ്ത്രീയവും കാലോചിതവുമായി പുനർനിർണയിക്കണമെന്നാവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നത്.
ടാക്സി കാറുകൾക്ക് 15 വർഷത്തേക്ക് അഡ്വാൻസ് ടാക്സ് അടക്കണമെന്ന തീരുമാനം പിൻവലിക്കുക, വർധിപ്പിച്ച ആർ.ടി ഓഫിസ് ഫീസുകൾ ഒഴിവാക്കുക, ഓട്ടോ ഫെയർ മീറ്റർ സീലിംഗിന് ഒരുദിവസം വൈകിയാൽ 2000 രൂപ പിഴയീടാക്കുന്ന നടപടി പിൻവലിക്കുക, മോട്ടോർ വാഹന തൊഴിലാളി ക്ഷേമനിധിയിൽ മുഴുവൻ തൊഴിലാളികളെയും ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കും.
ജൂലൈ മൂന്നിന് അർധരാത്രി പണിമുടക്ക് ആരംഭിക്കും. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, എസ്.ടി.യു, ടി.യു.സി.ഐ, കെ.ടി.യു.സി, ജനത ടി.യു, യു.ടി.യു.സി തുടങ്ങിയ സംഘടനകളുടെ സംയുക്ത സമരസമിതിയാണ് പണിമുടക്കുന്നത്.