ജീവിതസായന്തനത്തിൽ സ്‌നേഹത്തണലായി ഗുഡ് സമരിറ്റൻ

Jaihind News Bureau
Sunday, June 10, 2018

വാർദ്ധക്യത്തിൽ അറിയാതെ കിടന്നിടത്ത് മൂത്രം ഒഴിച്ചതിന് സ്വന്തം അമ്മയെ മകൾ ക്രൂരമായി മർദ്ദിക്കുന്ന കാഴ്ചയും അമ്മയെ കൊലചെയ്യുന്ന മകന്റെയും അച്ഛനമ്മമാരെ ഉപേക്ഷിക്കുന്ന മക്കളുടെ വിശേഷങ്ങളും ദൃശ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് കേരളീയ ജനത ഞെട്ടലോടെ കാണുമ്പോഴാണ് നിരവധി അച്ഛനമ്മമാർക്ക് ജീവിതത്തിന്റെ അവസാന നാളുകളിൽ സ്‌നേഹത്തിന്റെ തണലേകുന്ന ഗുഡ് സമരിറ്റൻ എന്ന ആതുരാശ്രമം വ്യത്യസ്തമാകുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ആനുകൂല്യം ലഭിക്കുന്ന ഇവിടെ ഇരുന്നൂറിലധികം അന്തേവാസികൾ ഉണ്ട്.

1999ൽ ആണ് ഗുഡ് സമരിറ്റൻ ചെറിയ സൗകര്യങ്ങളോടെ ഇടുക്കി രാജകുമാരിയിൽ തനതു സേവന പാത തുറന്നത്. വൈദിക പാതയിൽ വ്യത്യസ്തനായ ഫാദർ ബെന്നി ഉലഹന്നാൻ ചുക്കാൻ പിടിക്കുന്ന ഈ സ്ഥാപനം അശരണർക്കും കഷ്ടപ്പാടുകൾ അനുഭവിക്കുന്ന 50 വയസ്സിനു മുകളിലുള്ള മനുഷ്യജീവന് സ്‌നേഹാലയം കൂടിയാണ്.

അരുമ മക്കളെ പ്രസവിച്ച അമ്മമാർ ആ പ്രസവവേദനയേക്കാൾ വലിയ വേദന അനുഭവിക്കുന്നത് ജീവിതാന്ത്യത്തിൽ തണലാകുമെന്ന് കരുതുന്ന മക്കൾ തങ്ങളെ ജീവിതത്തിൽ നിന്നും ആട്ടിയിറക്കുമ്പോഴാകാം. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ മക്കൾക്കായി ജീവിച്ചു തീർത്ത കാലത്തെ ഓർത്ത് വിലപിക്കുന്നവർ. അക്കൂട്ടത്തിൽ ഒരാളാണ് ഗുഡ് സമരിറ്റനിലെ ജാനകി എന്ന ജാനകിയമ്മ. മൺമറഞ്ഞ സിനിമാ താരം ആലുംമൂടന്റെ നാടക സമിതിയിൽ മൂന്നു വർഷം അഭിനയിച്ച നാടകനടി കൂടിയാണ് ജാനകിയമ്മ. ജീവിതത്തിന്റെ അവസ്ഥ അർത്ഥഗർഭമായി ചേർത്തു വച്ച ഈരടികൾ ഇപ്പോഴും ജാനകിയമ്മയുടെ ചുണ്ടുകളിലുണ്ട്.

ആദിവാസി മേഖലയിലേയ്ക്കും ഗുഡ് സമരിറ്റൻ തങ്ങളുടെ സേവനം വ്യാപിപ്പിച്ചിട്ടുണ്ട്. നിരവധി സുമനസ്സുകളുടെ സഹായവും ഈ പുണ്യ പ്രവർത്തികൾക്ക് ലഭിക്കുന്നു. മറ്റുള്ളവരുടെ ദു:ഖങ്ങൾ കണ്ടില്ലെന്ന് നടിച്ച് സ്വന്തം കാര്യങ്ങളിലേക്ക് മാത്രം ആളുകൾ ചുരുങ്ങുന്ന ഈ കാലഘട്ടത്തിലാണ് ഗുഡ് സമരിറ്റനും, ഫാദർ ബെന്നിയും വേറിട്ട കാഴ്ചയിലൂടെ ഈ ലോകത്ത് നടന്നു നീങ്ങുന്നത്.

എം.എൻ.സുരേഷ്‌