കണക്കില്ലാതെ കോടികള്‍; കൊച്ചി ബിനാലെയുടെ ഫണ്ട് ചെലവിന്‍റെ കണക്കുകളില്ല

Jaihind News Bureau
Saturday, July 7, 2018

കൊച്ചി മുസിരിസ് ബിനാലെക്ക് സർക്കാർ നൽകിയ കോടിക്കണക്കിന് രൂപ എങ്ങനെ ചെലവഴിച്ചു എന്നതിന് വ്യക്തമായ കണക്കുകൾ ഇല്ല. ഇക്കാര്യം ആവശ്യപ്പെട്ട് ധനകാര്യവകുപ്പിനും ടൂറിസം വകുപ്പിനും വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയെങ്കിലും ഓഡിറ്റ് ചെയ്ത കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ് ലഭിച്ചത്.

കൊച്ചി മുസിരിസ് ബിനാലെയുടെ മൂന്ന് പതിപ്പുകൾ സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാക്കുന്നതിന് വേണ്ടിയാണ് വിവരാവകാശ നിയമപ്രകാരം ധനവകുപ്പിന് ആദ്യം അപേക്ഷ നൽകിയത്. ടൂറിസം വകുപ്പിനെ സമീപിക്കാനായിരുന്നു മറുപടി. ടൂറിസം വകുപ്പിൽ നിന്ന് ലഭിച്ച രേഖകൾ അനുസരിച്ച് ബിനാലെയുടെ ഒന്നാം എഡിഷന് 9 കോടി രൂപ, രണ്ടാം എഡിഷന് 4 കോടി, മൂന്നാം എഡിഷന് 7.5 കോടി എന്നിങ്ങനെ ഗ്രാന്‍ഡ് അനുവദിച്ചിട്ടുണ്ട്.

https://www.youtube.com/watch?v=vaDIytR2Jy0

കൊച്ചിൻ ബിനാലെ ഫൗണ്ടേഷനാണ് തുക കൈമാറിയിട്ടുള്ളത്. എന്നാൽ തുക എങ്ങനെ ചെലവഴിച്ചുവെന്ന് ടൂറിസം വകുപ്പിനറിയില്ല. കണക്കുകൾ ഓഡിറ്റ് ചെയ്യാൻ എ.ജിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മറുപടി ലഭിച്ചു. അതേസമയം അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ കൊച്ചി ബിനാലെയുടെ ഒരു കണക്കും എത്തിയിട്ടില്ല.

സർക്കാർ അനുവദിച്ച കോടിക്കണക്കിന് രൂപയ്ക്ക് പുറമെ സ്‌പോൺസർഷിപ്പായും പരസ്യ ഇനത്തിലും ബിനാലെ ഫൗണ്ടേഷന് ലക്ഷങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ തുകയുടെ ചെലവ് കണക്കുകളും എവിടെയുമില്ല. എന്തായാലും ഇത് സംബന്ധിച്ച മുഴുവൻ വിവരങ്ങളും ലഭ്യമാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് സംസ്ഥാന വിവരാകാശ കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.