ഒരു ഗോളില്‍ ബെല്‍ജിയം വീണു; ഫ്രാന്‍സ് ഫൈനലില്‍

ലോകകപ്പ് ഫുട്‌ബോളിൽ ബെൽജിയത്തിനെ തോൽപിച്ച് ഫ്രാൻസ് ഫൈനലിൽ. സെമിഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബെൽജിയം പരാജയപ്പെട്ടത്. ഉംറ്റിറ്റിയാണ് ഫ്രാൻസിനായി നിർണായക ഗോൾ നേടിയത്. ഇന്ന് നടക്കുന്ന ഇംഗ്ലണ്ട്-ക്രൊയേഷ്യ മത്സരത്തിലെ ജേതാക്കള്‍ ഫൈനലിൽ ഫ്രാൻസിനെ ഏറ്റുമുട്ടും.

നിർണായക മൽസരത്തിൽ 3-5-2 ഫോർമാറ്റിൽ ബെൽജിയം ബൂട്ടണിഞ്ഞപ്പോൾ ഒലിവർ ജിറൗഡിനെ കുന്തമുനയാക്കി 4-2-3-1 ഫോർമാറ്റിലായിരുന്നു ദിദിയർ ദെശാംപ്സ് ഫ്രാൻസിനെ വിന്യസിച്ചത്. ആദ്യ മിനിറ്റുകളിൽ പന്തടക്കത്തിലും ആക്രമണത്തിലുമെല്ലാം ഒരുപടി മുന്നിൽ നിന്നു ബെൽജിയം. എന്നാൽ ഗോളാക്കി മാറ്റാൻ അവർക്ക് സാധിച്ചില്ല.

തുടക്കത്തിൽ പതറിയ ഫ്രാൻസ് പതിയെ മൽസരത്തിലേക്ക് തിരിച്ചെത്തി. 12-ാം  മിനിറ്റിൽ എംബാപ്പയുടെ മുന്നേറ്റം ബെൽജിയം ഗോളി കുർട്ടോയ്സിന്റെ മികവിന് മുന്നിൽ ഗോളാകാതെ പോയി. പ്രതിരോധത്തിൽ വർട്ടോഗൻ മാത്രം നിൽക്കെ എംബാപ്പയ്ക്ക് ലഭിച്ച സുവർണാവസരം കുർട്ടോയ്സ് മുന്നോട്ട് കയറി തട്ടിയകറ്റി.

ഹസാർഡിലൂടെ വീണ്ടും ബെൽജിയത്തിന് സുവർണാവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ഹസാർഡിന്റെ ഷോട്ട് ഗോളിയെ മറികടന്നെങ്കിലും പോസ്റ്റിന് അരികിലൂടെ കടന്നുപോയി. ഇരു കൂട്ടരും അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരുന്നെങ്കിലും നേരിയ വ്യത്യാസത്തിൽ ലക്ഷ്യം അകന്നു നിന്നു.
പിന്നീടുള്ള സമയത്തും ലക്ഷ്യം കണ്ടെത്താൻ ഇരു കൂട്ടർക്കും സാധിക്കാതെ വന്നതോടെ ആദ്യ പകുതി ഗോൾരഹിതമായി പിരഞ്ഞു.

രണ്ടാം പകുതിയുടെ 51-ാം മിനിറ്റിൽ തന്നെ ഫ്രാൻസ് അക്കൗണ്ട് തുറന്നു. ഗ്രിസ്മാൻ എടുത്ത കോർണറിനെ മനോഹരമായ ഹെഡ്ഡറിലൂടെ സാമുവൽ ഉംറ്റിറ്റി വലയിലാക്കി ലക്ഷ്യം കണ്ടു.

ലീഡ് വഴങ്ങിയതോടെ ബെൽജിയം നിര സമനിലയ്ക്കായി പൊരുതി. എന്നാൽ ലക്ഷ്യങ്ങളെല്ലാം പിഴച്ചു. പിന്നീടുള്ള സമയത്ത് ഫ്രാൻസിന്റെ പ്രതിരോധത്തിന് മുന്നിൽ ബെൽജിയത്തിന്റെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ ഏകപക്ഷീയമായ ഒരു ഗോളിന്റെ കരുത്തിൽ ഫ്രാൻസ് ഫൈനലിലേക്ക്.

francebelgium
Comments (0)
Add Comment