സൗമ്യതക്കുള്ളിലെ കരുത്ത് അതായിരുന്നു എം.എം ജേക്കബ്. രാഷ്ട്രീയത്തിൽ ശക്തമായ നിലപാടെടുക്കുന്ന ജേക്കബ് പക്ഷേ വ്യക്തിബന്ധങ്ങളെയും എന്നും വിലമതിച്ചു.
രാഷ്ട്രീയത്തിൽ കരുത്താർന്ന നിലപാടുകൾ സ്വീകരിക്കുമ്പോഴും സൗമ്യതയുടെ ആൾരൂപമായിരുന്നു എം.എം ജേക്കബ്. രാഷ്ട്രീയത്തിലെ ശത്രുപക്ഷത്തോടും ഊഷ്മളമായ സൗഹൃദം സൂക്ഷിക്കുന്നതിൽ അദ്ദേഹം എന്നും ശ്രദ്ധിച്ചു. അതുതന്നെയായിരുന്നു എം.എം ജേക്കബ് എന്ന നേതാവിന്റെ പ്രത്യേകതയും.
കോട്ടയം ജില്ലയിൽ രാമപുരം മുണ്ടയ്ക്കൽ ഉലഹന്നാൻ മാത്യു-റോസമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനായി 1928 ഓഗസ്റ്റ് 9നായിരുന്നു മുണ്ടയ്ക്കൽ മാത്യു ജേക്കബ് എന്ന എം.എം ജേക്കബിന്റെ ജനനം.
മഞ്ചാടിമറ്റം പ്രൈമറി സ്‌കൂൾ, രാമപുരം സെന്റ് അഗസ്റ്റിൻസ് എന്നിവിടങ്ങളിലായിരുന്നു സ്‌കൂൾ പഠനം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ പഠിക്കവേ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിനാൽ ഇടക്കാലത്ത് പഠനം ഉപേക്ഷിക്കേണ്ടിവന്നു. തുടർന്ന് തേവര എസ്എച്ച് കോളജ്, മദ്രാസ് ലയോള കോളജ്, ലക്‌നൗ സർവകലാശാല എന്നിവിടങ്ങളിൽ പഠനം. നിയമത്തിൽ ബിരുദവും രാഷ്ട്രമീമാംസയിൽ ബിരുദാനന്തര ബിരുദവും ഇൻകം ടാക്‌സ് ഡിപ്ലോമയും നേടി.
ഷിക്കാഗോ യൂണിവേഴ്‌സിറ്റിയിൽ സാമൂഹ്യപ്രവർത്തനത്തിൽ ഉന്നത പഠനം നടത്തി. പിന്നീട് 1952ലായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം. പരേതയായ തിരുവല്ല കുന്നുതറ അച്ചാമ്മയാണ് ഭാര്യ. ജയ, ജെസി, എലിസബത്ത്, റേച്ചൽ എന്നിവരാണ് മക്കൾ.