എം.എം ജേക്കബ് – രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന വ്യക്തിത്വം

Jaihind News Bureau
Sunday, July 8, 2018

 

വിവിധ മേഖലകളിൽ തിളങ്ങുന്ന സംഭാവനകൾ നൽകിയ നേതാവായിരുന്നു എം.എം ജേക്കബ്. രാജ്യസഭാ ഡെപ്യൂട്ടി ചെയർമാനായും കേന്ദ്ര ആഭ്യന്തരസഹമന്ത്രിയായും ഗവർണറായും സേവനമനുഷ്ഠിച്ചു. രാജ്യസഭാ ഉപാധ്യക്ഷനാകുന്ന ആദ്യമലയാളി എന്ന വിശേഷണവും എം.എം ജേക്കബിന് സ്വന്തം.

ഭൂദാനപ്രസ്ഥാനത്തിലൂടെയാണ് എംഎം ജേക്കബ് പൊതുപ്രവർത്തനത്തിലേക്കു കടന്നത്. 1952-ൽ രാമപുരത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായി രാഷ്ട്രീയത്തിൽ തുടക്കമിട്ട അദ്ദേഹം 1954-ൽ ഭാരത് സേവക് സമാജിൽ ചേർന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ കെ.എം മാണിക്കെതിരെ രണ്ടുതവണ മത്സരിച്ചു. 1970-ൽ 374 വോട്ടിനും പിന്നീട് 10 വർഷത്തിന് ശേഷം 1980-ൽ 4,566 വോട്ടിനും മാണിയോട് പരാജയപ്പെട്ടു.
1982ലും 1988ലും രാജ്യസഭാംഗമായി. 1994 വരെ രാജ്യസഭാംഗമായി തുടർന്നു. 1986ൽ രാജ്യസഭാ ഉപാധ്യക്ഷനായി. രാജ്യസഭാ ഉപാധ്യക്ഷനാകുന്ന ആദ്യ മലയാളിയായി എന്ന വിശേഷണം അതോടെ എംഎം ജേക്കബിന് സ്വന്തമായി. രാജ്യസഭയിൽ ചീഫ് വിപ്പായും പ്രവർത്തിച്ചിട്ടുണ്ട്.

https://www.youtube.com/watch?v=d0OhwVzrhuI

മൂന്നുതവണ കേന്ദ്രസഹമന്ത്രിയായി. 1986 മുതൽ 1993 വരെ രാജീവ് ഗാന്ധി മന്ത്രിസഭയിൽ പാർലമെന്ററി സഹമന്ത്രി, ജലവിഭവത്തിന്റെ സ്വതന്ത്രചുമതല എന്നിവ വഹിച്ചു. നരസിംഹറാവു മന്ത്രിസഭയിൽ ആഭ്യന്തര സഹമന്ത്രിയായി. 1985ലും 1993ലും യു.എൻ ജനറൽ അസംബ്ലിയിൽ പ്രസംഗിച്ചു. 1993ൽ ഫ്രാൻസിലെ സ്ട്രാസ്ബർഗിലും 1994യിൽ വിയന്നയിലും നടന്ന യു.എൻ മനുഷ്യാവകാശ സമ്മേളനങ്ങളിൽ അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചു.

1994ൽ സൗത്ത് ആഫ്രിക്കയിൽ നടന്ന ആദ്യ ജനാധിപത്യ തിരഞ്ഞെടുപ്പിൽ കോമൺവെൽത്ത് രാജ്യങ്ങളുടെ നീരീക്ഷകനായിരുന്നു. 1995 മുതൽ 2007 വരെ മേഘാലയ ഗവർണറായിരുന്നു. 1984ൽ സബോർഡിനേറ്റ് ലജിസ്ലേഷൻ കമ്മറ്റിയുടെയും 93-94ൽ ആഭ്യന്തര മന്ത്രാലയ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെയും ചെയർമാൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി, ട്രഷറർ, എ.ഐ.സി.സി അംഗം, കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി, ഭാരത് സേവക് സമാജ് അഖിലേന്ത്യാ വൈസ് ചെയർമാൻ, റബർ മാർക്കറ്റിംഗ് ഫെഡറേഷൻ പ്രസിഡന്റ്, പ്ലാന്റേഷൻ കോർപറേഷൻ ചെയർമാൻ തുടങ്ങിയ പദവികളൊക്കെ വഹിച്ചിട്ടുണ്ട്.

വീക്ഷണം പത്രത്തിന്റെ മാനേജിംഗ് ഡയറക്ടറും തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന കോൺഗ്രസ് റിവ്യൂ എന്ന ദ്വൈവാരികയുടെ പത്രാധിപരും ആയിരുന്നു.

ഒരായുസിൽ ചെയ്തു തീർക്കേണ്ടതിലധികം സേവനങ്ങൾ രാജ്യത്തിനായും പാർട്ടിക്കായും ചെയ്താണ് 91-ാം വയസിൽ എം.എം ജേക്കബ് ഓർമയാകുന്നത്.