ഉത്തര്‍പ്രദേശില്‍ പീഡനശ്രമം ചെറുക്കുന്നതിനിടെ പെണ്‍കുട്ടി കൊല്ലപ്പെട്ടു

Jaihind Webdesk
Thursday, October 12, 2023

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ പീഡനശ്രമം ചെറുക്കുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൊല്ലപ്പെട്ടു. സംഭവത്തില്‍ സദ്ദാം(23) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം ഇന്നലെ പത്തനംതിട്ടയില്‍ മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 100 വര്‍ഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പത്തനാപുരം പുന്നല സ്വദേശി വിനോദിനെയാണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് ആന്റ് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. കേസിലെ അതിജീവിതയുടെ മൂത്ത സഹോദരിയെ പീഡിപ്പിച്ചെന്ന കേസിലും വിനോദ് പ്രതിയാണ്. ഈ കേസില്‍ ഇതേ കോടതിയില്‍ വിചാരണ പുരോഗമിക്കുകയാണ്.

വിനോദ് മുമ്പ് താമസിച്ചിരുന്ന ഏനാദിമംഗലത്തെ വീട്ടില്‍ 2021 ഡിസംബര്‍ 18 ന് രാത്രിയിലാണ് കുറ്റകൃത്യം നടന്നത്. പീഡനത്തിനിരയായ മൂത്ത കുട്ടിയാണ് അമ്മയോട് പീഡന വിവരം പറഞ്ഞത്. രണ്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക് അമ്മ ഗാന്ധിജിയെപ്പറ്റിയുള്ള പാഠഭാഗം പറഞ്ഞു കൊടുക്കുമ്പോഴായിരുന്നു ഇത്. കളളം പറയരുതെന്ന സന്ദേശമാണ് ഗാന്ധിജി ജീവിതം കൊണ്ട് നല്‍കുന്നതെന്ന് പറഞ്ഞ അമ്മയോട് എട്ടുവയസ്സുകാരി തനിക്കും അനുജത്തിക്കും നേരിട്ട പീഡനത്തെപ്പറ്റി വെളിപ്പെടുത്തുകയായിരുന്നു.