ഇടുക്കി ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക്

Jaihind News Bureau
Thursday, July 26, 2018

തൊടുപുഴ: കനത്ത മഴയെത്തുടർന്ന്ഇടുക്കി ഡാമിലെ ജലനിരപ്പ് 2,388 അടിയായി ഉയർന്നു. 12 അടി കൂടി ജലനിരപ്പ് ഉയർന്നാൽ 10 ദിവസത്തിനകം ഡാം തുറക്കേണ്ടി വരും ജലനിരപ്പ് 2,400 അടിയിലെത്തുമ്പോഴാണ് ഡാം തുറക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുക.

മഴയും നീരൊഴുക്കും നിലവിലെ രീതിയിൽ ശക്തമായി തുടർന്നാൽ 10 ദിവസത്തിനുള്ളിൽ ഇടുക്കി ഡാം തുറക്കേണ്ടി വരും. വൈദ്യുതി ബോർഡ് ഇതിനുള്ള തയാറെടുപ്പുകള്‍ തുടങ്ങി. ജലനിരപ്പ് 2,400 അടിയിലെത്തിയാൽ ഡാം തുറക്കണം. ഇന്നലത്തെ ജലനിരപ്പ് 2388 അടിയാണ്. 12 അടി കൂടി ഉയർന്നാൽ ഡാം തുറക്കേണ്ടിവരും. 2403 അടിയാണ് ഡാമിന്‍റെ പരമാവധി സംഭരണശേഷി. ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകളാണ് ഉയർത്തുക. 1981, 1992 വർഷങ്ങളിൽ ഇടുക്കി ഡാം തുറന്നിരുന്നു.

സമുദ്രനിരപ്പിൽ നിന്നുള്ള ഉയരമാണ് അണക്കെട്ടിലെ ജലനിരപ്പായി കണക്കാക്കുന്നത്. സംഭരണ ശേഷിയുടെ 83 ശതമാനം വെള്ളം ഇപ്പോള്‍ ഡാമിലുണ്ട്. പദ്ധതി പ്രദേശത്ത് ഇന്നലെ 94 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ജലനിരപ്പ് 2,395 അടിയിൽ എത്തിയാൽ അണക്കെട്ട് തുറക്കുന്നതിനുള്ള ഒരുക്കവും 2,398 അടിയിലെത്തിയാൽ അടിയന്തര തയാറെടുപ്പും തുടങ്ങും. ഇതോടെ അണക്കെട്ടിന് സമീപം കൺട്രോൾ റൂം തുറക്കും. അര മണിക്കൂർ ഇടവിട്ട് ജലനിരപ്പു രേഖപ്പെടുത്താൻ തുടങ്ങും. ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതും ഈ ഘട്ടത്തിലാണ്.

ഡാം സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ വാഴത്തോപ്പിൽ യോഗം ചേർന്ന് സ്ഥിതിഗതി വിലയിരുത്തി. ഇടുക്കിക്കൊപ്പം പമ്പ, കക്കി, ഇടമലയാർ ഡാമുകളും തുറക്കേണ്ടി വരും. പൊന്മുടി, നേര്യമംഗലം, ലോവർ പെരിയാർ, പെരിങ്ങൽക്കുത്ത് ഡാമുകൾ ഇപ്പോൾ തുറന്നു വിട്ടിരിക്കുകയാണ്.