ആൾക്കൂട്ട കൊലപാതകം : തടയിടാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര നിർദേശം

Jaihind News Bureau
Friday, July 6, 2018

ആൾക്കൂട്ട കൊലപാതകങ്ങൾ തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നു നിർദേശിച്ച് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശം.

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നു എന്നതടക്കമുള്ള ഊഹാപോഹങ്ങളുടെ പേരിൽ ആൾക്കൂട്ട അക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ നിർദേശം. വാട്സ് ആപ്പ് ഉൾപ്പെടെയുള്ള സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിക്കുന്ന അഭ്യൂഹത്തെത്തുടർന്ന് കഴിഞ്ഞയാഴ്ച മഹാരാഷ്ട്രയിൽ ജനക്കൂട്ടം അഞ്ചു യുവാക്കളെ തല്ലിക്കൊന്നിരുന്നു. രാജ്യമാകെ രണ്ടു മാസത്തിനിടെ ഇങ്ങനെ കൊല്ലപ്പെട്ടത് ഇരുപതോളം പേർ. ഇത്തരം ഊഹാപോഹങ്ങൾ ഉടനടി കണ്ടെത്തി നടപടിയെടുക്കണമെന്നാണു കേന്ദ്രസർക്കാരിന്‍റെ നിർദേശം.

തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയാൻ നടപടിയെടുക്കണമെന്ന് കേന്ദ്രസർക്കാർ വാട്സ് ആപ്പിനോട് ആവശ്യപ്പെട്ടിരുന്നു. തുടർച്ചയായി ഫോർവേഡ് ചെയ്യപ്പെടുന്ന സന്ദേശങ്ങൾ തിരിച്ചറിയാൻ സംവിധാനമൊരുക്കിയെന്നതടക്കം അനുകൂലമായിരുന്നു പ്രതികരണം. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് ഉൾപ്പെടെയുള്ള സംഭവങ്ങളിൽ പോലീസ് ഉണർന്നു പ്രവർത്തിക്കുന്നത് ജനങ്ങളിൽ ആത്മവിശ്വാസമുണ്ടാക്കുമെന്നു കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.