ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിൽ കലങ്ങി നിൽക്കുകയാണ് അമ്മ. എങ്ങനെ പ്രശ്നം പരിഹരിക്കുമെന്ന് ഭാരവാഹികൾക്ക് ഇതുവരെയും കൃത്യമായ ധാരണയില്ല. എന്തായാലും ജൂലൈ പകുതിക്ക് ശേഷമേ ഇക്കാര്യത്തിൽ കാര്യമായ ചർച്ചകൾക്ക് സാധ്യതയുള്ളൂ. വിദേശപര്യടനത്തിന് പുറപ്പെടുന്ന അമ്മ പ്രസിഡന്റ് മോഹൻലാൽ ജൂലൈ പകുതിയോടെ മാത്രമേ മടങ്ങിയെത്തൂ. സംഘടനാ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട നടിമാരും വിദേശത്താണ്.
അതേസമയം സംഘടനയിലെ ഇടത് ജനപ്രതിനിധികൾക്കെതിരെ സി.പി.എമ്മിലും ഇടത് മുന്നണിയിലും പ്രതിഷേധം ശക്തമാവുകയാണ്.
നടിയെ ആക്രമിച്ച കേസ് ജൂലൈ 11 വീണ്ടും കോടതിയുടെ പരിഗണനയ്ക്ക് വരും. കേസിലെ തുടർ നടപടികളും നിർണായകമാണ്. സാക്ഷികളെ പല രീതിയിലും സ്വാധീനിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാണ്. ഭരണ-സാമ്പത്തിക സ്വാധീനമൊക്കെ പല തലങ്ങളിലും നടക്കുന്നുണ്ടെന്നാണ് വിവരം. അതേസമയം ഇടത് എം.എൽ.എമാരായ കെ.ബി ഗണേഷ് കുമാർ, മുകേഷ് എന്നിവർക്കെതിരെ പാർട്ടി ഘടകങ്ങളിൽ അമർഷം പുകയുകയാണ്. മുൻപ് അമ്മ യോഗതീരുമാനങ്ങൾ വിശദീകരിച്ച വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് മോശമായി പെരുമാറിയതിന് മുകേഷിനെ സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി വിമർശിച്ചിരുന്നു. മണ്ഡലത്തിലെ തുടർച്ചയായ മുകേഷിന്റെ അസാന്നിധ്യം പാർട്ടിക്ക് തലവേദനയായി മാറിക്കഴിഞ്ഞ സാഹചര്യത്തിൽ ദിലീപ് വിഷയത്തിലും എം.എൽ.എയെ സംരക്ഷിക്കേണ്ട സ്ഥിതിയിലാണ് സി.പി.എം.
തല്ലുകേസിൽ ഭരണ സ്വാധീനം ഉപയോഗിച്ച് തടിയൂരിയ കെ.ബി ഗണേഷ്കുമാർ അടുത്ത വിവാദത്തിലും കേന്ദ്രബിന്ദുവായത് മണ്ഡലത്തിലെ ഇടതുപ്രവർത്തകരെ അസ്വസ്ഥരാക്കിയിട്ടുണ്ട്. ഇടത് എം.പിയായ ഇന്നസെന്റ്, പാർട്ടി ചാനലിന്റെ ചെയർമാൻ കൂടിയായ മമ്മൂട്ടി, സംഗീത നാടക അക്കാദമി അധ്യക്ഷയായ കെ.പി.എ.സി ലളിത എന്നിവർക്കുമേലും വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ സമ്മർദ്ദം ഏറുന്നു.
താരങ്ങൾക്കപ്പുറം സംവിധായകരും നിർമാതാക്കളും രാഷ്ട്രീയ നേതൃത്വവുമൊക്കെ ഇടപെട്ട വിഷയമായി മാറിയതോടെ ഇനിയുള്ള അമ്മയുടെ ഏത് തീരുമാനവും ഇരുതലമൂർച്ചയുള്ള വാളായി മാറുമെന്നുറപ്പ്.