മാക്സി സ്കൂട്ടർ ശ്രേണിയിൽപ്പെട്ട സുസുക്കി ബർഗ്മാൻ സ്ട്രീറ്റ് ഇന്ത്യയിൽ പുറത്തിറക്കി. 74,679 രൂപയാണ് വാഹനത്തിന്റെ വിപണി വില.
ആക്സസ് 125നെ പിന്നിലാക്കി സുസുക്കി ഇന്ത്യ നിരയിലെ ഫ്ളാഗ്ഷിപ്പ് സ്കൂട്ടറായ ബർഗ്മാൻ എത്തിയിരിക്കുന്നത്. പ്രധാനമായും യുവാക്കളെ ലക്ഷ്യമിട്ടാണ് ബർഗ്മാൻ നിരത്തിലിറങ്ങുക. 125 സിസി കരുത്തോട് കൂടിയ ആഡംബര സ്കൂട്ടർ യൂറോപ്യൻ രീതിയിൽ പുതിയ ടെക്നോളജികൾ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്.
കണ്ടു തഴമ്പിച്ച സ്കൂട്ടറുകളിൽനിന്ന് വേറിട്ട രൂപമാണ് ബർഗ്മാൻ സ്ട്രീറ്റിന് നൽകിയിരിക്കുന്നത്. വിദേശ വിപണിയിലെ താരമായ കരുത്തുറ്റ ബർഗ്മാൻ രൂപത്തിനോട് ഇണങ്ങുന്നതാണ് ബർഗ്മാൻ സ്ട്രീറ്റിന്റെ ഓവറോൾ രൂപം. വ്യത്യസ്തമായ ഹാൻഡിൽ ബാർ. വലിയ ഏപ്രൺ തുടങ്ങി ആകെ മൊത്തം രൂപം യൂറോപ്യൻ സ്റ്റെലാണ് സ്കൂട്ടറിനെന്ന് പറയാം. ബോൾഡായ രൂപത്തിന് ചേർന്ന് നിൽക്കുന്ന രീതിയിലുള്ള സ്പോർടി ടെയിൽ ലൈറ്റുകളും പിൻഭാഗവും. എൽഇഡി ഹെഡ്ലാമ്പുകൾ, ഉയർന്നു നിൽക്കുന്ന വിൻഡ്സ്ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, വലിയ സ്റ്റോറേജ് സ്പേസ്, 12 വി ചാർജിങ് സോക്കറ്റ് എന്നിവയാണ് പ്രധാന സവിശേഷതകൾ.
വീതിയേറിയ സീറ്റിൽ രണ്ടുപേർക്ക് സുഖകരമായി യാത്ര ചെയ്യാൻ സാധിക്കും . രണ്ട് തരത്തിൽ ഫൂട്ട് പൊസിഷനുള്ള സൗകര്യവും സ്ട്രീറ്റിലുണ്ട്. 1880 എംഎം നീളവും 675 എംഎം വീതിയും 1140 എംഎം ഉയരവും 1265 എംഎം വീൽബേസുമാണ് വാഹനത്തിന് കൊടുത്തിരിക്കുന്നത്. 780 എംഎം ആണ് സീറ്റ് ഹൈറ്റ്. ഭാരം 108 കിലോഗ്രാം, ആക്സസിനെക്കാൾ 8 കിലോഗ്രാം കൂടുതലാണിത്. 5.6 ലിറ്ററാണ് ഫ്യുവൽ ടാങ്ക് കപ്പാസിറ്റി. സീറ്റിനടിയിൽ 21.5 ലിറ്റർ സ്റ്റോറേജ് സ്പേസുണ്ട്. യുഎസ്ബി ചാർജിങ് സംവിധാത്തിനൊപ്പം ചെറിയ സ്റ്റോറേജ് സ്പേസ് മുന്നിലുണ്ട്.