വ്യാജ ട്രാവല്‍ റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്കെതിരെ കര്‍ശനമായ നിയമനിര്‍മാണമില്ല, വിദേശ ജോലി തട്ടിപ്പിലൂടെ ഏജൻസികൾ നേടുന്നത് കോടികള്‍
വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ വഞ്ചിക്കുന്ന വ്യാജ ട്രാവല്‍ റിക്രൂട്ടിംഗ് ഏജന്‍സികള്‍ സംസ്ഥാനത്ത് പെരുകുന്നു. നൂറു കണക്കിന് സാധാരണക്കരാണ് ഇവരുടെ ചതിക്കുഴികളിൽപ്പെടുന്നത്. ഇത്തരം ഏജൻസികൾക്കെതിരെ കര്‍ശന നിയമനിര്‍മ്മാണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു.
ഗള്‍ഫില്‍ വിസയും ജോലിയും വാഗ്ദാനം ചെയ്ത് കയറ്റി അയക്കുകയും വഞ്ചിക്കപ്പെടുകയും ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് വ്യാജ ഏജൻസികൾക്കെതിരെ ശക്തമായ നിയമ നിർമാണം വേണമെന്ന ആവശ്യമുയരുന്നത്.
https://www.youtube.com/watch?v=v0nlVfTQ1SQ
കോഴിക്കോട്ജില്ലയില്‍ ഉള്‍പ്പെടെ രജിസ്റ്റര്‍ ചെയ്യാത്ത നൂറു കണക്കിന് ട്രാവല്‍ റിക്രൂട്ടിംഗ് എജന്‍സികള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. പല വ്യാജ പേപ്പറുകളും കാണിച്ച് ജോലി വാഗ്ദാനം ചെയ്താണ് ഇവര്‍ ആളുകളെ കെണിയിൽ അകപ്പെടുത്തുന്നത്. നാല്പതു ലക്ഷം ഒക്കെയാണ് ജോലിക്കായി വ്യാജ റിക്രൂട്ടിംഗ് എജന്‍സികള്‍ വാങ്ങുന്നത്.
ജില്ലയില്‍ കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പരിശോധനയിൽ 40 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഒരു ദിവസത്തെ പരിശോധനയ്ക്കപ്പുറം ഏജന്‍സിക്കെതിരെ ഒരു നടപടിയും എടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഇത്തരം വ്യാജ ഏജന്‍സികള്‍ക്കെതിരെ ഒരു നിയമ നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്ന് പ്രവാസി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് ആറ്റക്കോയ പള്ളികണ്ടി പറഞ്ഞു.
നിരന്തരം പരാതിയുമായി പലരും സംഘടനയെ സമീപിക്കാറുണ്ട്. കൃത്യമായ നിയമ നിര്‍മാണം നടത്തിയാലേ ഇത്തര വ്യാജന്മാരെ കുരുക്കാന്‍ കഴിയുവെന്നും വിഷയം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചതായും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ ഓപ്പറേഷന് കുബേര പോലുള്ള പദ്ധതികള്‍ കൊണ്ടു മാത്രമേ ഇത്തരം വ്യാജന്മാരെ അഴിക്കുള്ളില്‍ അകപ്പെടുത്താന്‍ കഴിയുവെന്നും അത്തരമൊരു പദ്ധതി നടപ്പില്‍ വരുത്താന്‍ സര്‍ക്കാര്‍ തയാറാവണമെന്ന നിര്‍ദേശമാണ് ഇപ്പോൾ ഉയർന്നു വരുന്നത്.