പുതിയ റോയൽ എൻഫീൽഡ് ബൈക്കുകൾ ആഗോള വിപണിയിൽ അവതരിപ്പിക്കുന്നു. ഇന്റർസെപ്റ്റർ 650, കോൺടിനന്റൽ ജിടി 650 മോഡലുകളാണ് അടുത്തമാസം റോയൽ എൻഫീൽഡ് നിരയിൽ എത്തുന്നത്.
ഈ വർഷം റോയൽ എൻഫീൽഡ് കരുതിവെച്ചിട്ടുള്ള സുപ്രധാന മോഡലുകളാണ് ഇന്റർസെപ്റ്ററും, കോൺടിനന്റൽ ജിടിയും. ഇരട്ട സിലിണ്ടർ ശ്രേണിയിലേക്കുള്ള കമ്പനിയുടെ തിരിച്ചുവരവ് കൂടിയാണിത്. രാജ്യാന്തര വിപണിയിൽ അവതരിക്കുന്നതിന് പിന്നാലെ ഇരുമോഡലുകളും ഇന്ത്യൻ മണ്ണിലെത്തും. ദീപാവലിയ്ക്ക് മുന്നോടിയായി പുതിയ മോഡലുകളെ ഇന്ത്യയിൽ വിൽപനയ്ക്ക് കൊണ്ടുവരാനാണ് റോയൽ എൻഫീൽഡിന്റെ കണക്കുകൂട്ടൽ. നൂതന സാങ്കേതിക വിദ്യ അടിസ്ഥാനപ്പെടുത്തി ഒരുങ്ങുന്ന റോഡ്സ്റ്റർ മോഡലുകളാണ് രണ്ടും. ഉയർന്ന ഹാൻഡിൽബാറും, നീളം കൂടിയ സീറ്റും ബൈക്കിന്റെ പ്രത്യേകതകളാണ്. കോൺടിനന്റൽ ജിടി 650 യിൽ ലാളിത്യമേറിയ ശൈലിയാണ് കമ്പനി പാലിക്കുന്നത്. ആറു സ്പീഡാണ് ഗിയർബോക്സ്. സ്ലിപ്പർ ക്ലച്ചിന്റെയും എബിഎസിന്റെയും പിന്തുണ ഇരു മോഡലുകൾക്കുമുണ്ടാകും. മുന്നിൽ ടെലിസ്കോപിക് ഫോർക്കുകളും പിന്നിൽ ഇരട്ട ഗ്യാസ് ചാർജ്ഡ് ഷോക്ക് അബ്സോർബറുകളുമാണ് ബൈക്കുകളിൽ സസ്പെൻഷന് വേണ്ടി ഒരുങ്ങുന്നത്.
ഔദ്യോഗിക അവതരണത്തിന് തൊട്ടുമുമ്പ് പുതിയ മോഡലുകളുടെ പ്രീബുക്കിംഗ് കമ്പനി ആരംഭിക്കും. മൂന്നു മുതൽ നാലുലക്ഷം രൂപ വരെ വിലയിലാണ് മോഡലുകൾ സെപ്റ്റംബറിൽ ഇന്ത്യൻ വിപണിയിലെത്തുന്നത്.