പാര്‍ട്ടി പത്രത്തിന് വരിക്കാരെ ചേര്‍ക്കാന്‍ വായ്പയെടുത്ത് കടക്കെണിയിലായി സിപിഎം പ്രവര്‍ത്തകര്‍; കൈമലര്‍ത്തി നേതാക്കള്‍, സിപിഎമ്മില്‍ പുതിയ വിവാദം

Jaihind Webdesk
Tuesday, June 11, 2024

 

ആലപ്പുഴ: പാര്‍ട്ടി നേതൃത്വത്തെ പ്രതിരോധത്തിലാക്കി കായംകുളം സിപിഎമ്മില്‍ പുതിയ വിവാദം. പാർട്ടി പത്രത്തിന് വരിക്കാരെ ചേർക്കാൻ വായ്പയെടുത്തതിനെ തുടര്‍ന്ന് നിരവധി സിപിഎം പ്രവര്‍ത്തകര്‍ കടക്കെണിയില്‍. വായ്പ എടുത്ത പാര്‍ട്ടി പ്രവര്‍ത്തകരിലൊരാള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് വിഷയം ചര്‍ച്ചയായത്.

പാർട്ടി പത്രത്തിന് വരിക്കാരെ ചേർത്തതിന്‍റെ മറവിൽ നടന്ന വായ്പാ ഇടപാടുകളാണ് ആലപ്പുഴ സിപിഎമ്മിനെ വീണ്ടും വിവാദത്തിലാക്കുന്നത്. ദേശാഭിമാനി പത്രത്തിന് വരിസംഖ്യ അടയ്ക്കാനായി സഹകരണസംഘങ്ങളിൽ നിന്നുൾപ്പെടെ വായ്പയെടുത്തവരാണ് വെട്ടിലായത്. പാര്‍ട്ടി പത്രത്തിന് കൂടുതൽ വരിക്കാരെ ചേർക്കുന്നതിനായി പാർട്ടി പ്രവർത്തകരെയും കുടുംബാംഗങ്ങളെയും ജാമ്യക്കാരാക്കി സഹകരണസംഘങ്ങളിൽ നിന്ന് വായ്പയെടുക്കുകയായിരുന്നു. വരിക്കാരെ ചേർത്ത് പണം വാങ്ങിയ ശേഷം തിരിച്ചടയ്ക്കാമെന്ന ഉറപ്പിലാണ് പലരും വായ്പയെടുക്കാൻ ജാമ്യം നിന്നത്. എന്നാല്‍ വായ്പാ അടവ് മുടങ്ങുകയും ബാങ്കില്‍ നിന്ന് നോട്ടീസ് വരികയും ചെയ്തതോടെ വരിക്കാരെ കൂട്ടാൻ നിർദ്ദേശം നൽകിയ നേതാക്കൾ കൈയൊഴിഞ്ഞു.

വായ്പ തിരിച്ചടയ്ക്കാൻ മാർഗമില്ലാതായ പ്രവര്‍ത്തകര്‍ പാർട്ടി ഓഫീസിന്‍റെ വരാന്തകളിലും നേതാക്കളുടെ വീടുകളിലും കയറിയിറങ്ങുകയാണ്. തിരിച്ചടവിന് നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിന് നേരെ നേതാക്കൾ മുഖംതിരിച്ചതോടെയാണ് പരസ്യവെളിപ്പെടുത്തലിന് പ്രവർത്തകർ നിർബന്ധിതരായത്. കൃഷ്ണപുരത്തെ മുതിർന്ന നേതാവായ കുട്ടൻ സഖാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലാണ് പാർട്ടി പത്രത്തിനു വേണ്ടി വായ്പയെടുത്ത് വെട്ടിലായ വിവരം വെളിപ്പെടുത്തിയത്. ഇദ്ദേഹത്തിന് മാത്രം അമ്പതിനായിരം രൂപ കുടിശികയുണ്ട്. പോസ്റ്റിന് കീഴെ നിരവധി പേർ തങ്ങളുടെയും സമാന അനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയതോടെ സിപിഎം നേതൃത്വം പ്രതിരോധത്തിലായി.