“എന്തിനാണ് ഞങ്ങളുടെ പള്ളികൾ ഇങ്ങനെ നശിപ്പിക്കുന്നത്”; ബിഷപ്പ് ജോസ് മുകാലയുമായി സംസാരിച്ച് പ്രതിപക്ഷ നേതാവ്

Tuesday, May 9, 2023

തിരുവനന്തപുരം: മണിപ്പുരിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ രാജ്യത്ത് ആവർത്തിക്കപ്പെടരുതെന്ന് സർക്കാരുകളും നീതിപീഠങ്ങളും ഉറപ്പു വരുത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും തുല്യരായി കാണേണ്ട ഭരണകൂടത്തിൻ്റെ നിശ്ശബ്ദത വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അതിക്രമത്തില്‍ നിന്നും രക്ഷപ്പെട്ട പാലാ രൂപതാംഗം കൂടിയായ ബിഷപ്പ് ജോസ് മുകാല പിതാവുമായി ഫോണില്‍ സംസാരിച്ചതിനു ശേഷമാണ് പിരതിപക്ഷ നേതാവിന്‍റെ ഫേസ് ബുക്ക് കുറിപ്പ്.

പ്രതിപക്ഷ നേതാവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

മണിപ്പുരിൽ ക്രൈസ്തവർക്ക് നേരെ അതിക്രമം നടക്കുന്ന സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പാലാ രൂപതാംഗം കൂടിയായ ബിഷപ്പ് ജോസ് മുകാല പിതാവുമായി ഞാനിന്ന് രാവിലെ ഫോണിൽ സംസാരിച്ചു.1997 മുതൽ 2009 വരെ പിതാവ് കൊഹിമ ബിഷപ്പായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

നമ്മളെ നടുക്കിക്കളയുന്ന അക്രമങ്ങളാണ് അവിടെ നടക്കുന്നത്. പിതാവ് ഉണ്ടായിരുന്ന പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടും സമീപത്തുള്ള ഇടവകപ്പള്ളിയും കൊള്ളയടിച്ച ശേഷം തീവച്ചു നശിപ്പിച്ചു. ഏറെക്കുറെ എല്ലാ പള്ളികളും തന്നെ തീവച്ചു നശിപ്പിക്കുകയും 60 ക്രൈസ്തവരെ ക്രൂരമായി വധിക്കുകയും ചെയ്തു. 42 ശതമാനം ക്രൈസ്തവരുള്ള ഒരു സംസ്ഥാനത്ത് ഭരണകൂടത്തിൻ്റെ പിന്തുണയോടെ നടന്ന ഈ തേർവാഴ്ച്ച ഞെട്ടിപ്പിക്കുന്നതാണ്. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും തുല്യരായി കാണേണ്ട ഭരണകൂടത്തിൻ്റെ നിശ്ശബ്ദത വേദനിപ്പിക്കുന്നതാണ്.
എന്തിനാണ് ഞങ്ങളുടെ പള്ളികൾ ഇങ്ങനെ നശിപ്പിക്കുന്നതെന്ന പിതാവിന്‍റെ ഹൃദയം പൊട്ടിയുള്ള ചോദ്യം എന്നെ വല്ലാതെ പിടിച്ചുലച്ചു.
രാജ്യത്തൊരിടത്തും ഇത്തരം അക്രമങ്ങൾ ആവർത്തിക്കപ്പെടരുതെന്ന് സർക്കാരുകളും നീതിപീഠങ്ങളും ഉറപ്പു വരുത്തണം.