ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ റിമോട്ട് കണ്‍ട്രോളര്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഉപകരണമാണെന്ന വാദവുമായി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രംഗത്ത്. ഒട്ടും വിശ്വാസ്യതയില്ലാത്ത ഉപകരണമാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍. റഷ്യയില്‍ നിന്ന് വരെ വേണമെങ്കില്‍ ഇ.വി.എം നിയന്ത്രിക്കാം. അവിടെ കോടികള്‍ നല്‍കിയാല്‍ തെരഞ്ഞെടുപ്പ് ഉപകരണം ഹാക്ക് ചെയ്യുന്നവരുണ്ടന്നും നായിഡു ആരോപിച്ചു. വിവിപാറ്റുകള്‍ 50 ശതമാനം എണ്ണണമെന്നുള്ള ആവശ്യവും അദ്ദേഹം ആവര്‍ത്തിച്ചു. ഒരിക്കലും തെരഞ്ഞെടുപ്പുകളില്‍ ഇ.വി.എം ഉപയോഗിക്കാന്‍ പാടില്ലെന്നും വിദേശരാജ്യങ്ങളെല്ലാം തെരഞ്ഞെടുപ്പുകളില്‍ ഇ.വി.എം ഉപയോഗിക്കുന്നത് അവസാനിപ്പിച്ചിട്ടുണ്ടെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
ഓഡിറ്റിനുള്ള സാധ്യത അതിനില്ല എന്നത് തന്നെയാണ് പ്രധാന കാരണം. മറ്റൊരു കാര്യം ഇതിനെ കൃത്യമായി നിയന്ത്രിക്കാന്‍ കഴിയില്ലെന്നതാണ്. തെലങ്കാനായില്‍ മാത്രം 25 ലക്ഷം വോട്ടര്‍മാരുടെ പേര് ഓണ്‍ലൈനില്‍ ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്- ചന്ദ്രബാബു നായിഡു പറഞ്ഞു. മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഇന്ന് പലഭാഗങ്ങളില്‍ നിന്നും വോട്ടിങ് മെഷീനെതിരെ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നായിഡുവിന്റെ പ്രതികരണം. കേരളത്തില്‍ ഉള്‍പ്പെടെ യന്ത്രത്തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തിരുവനന്തപുരത്ത് കോണ്‍ഗ്രസിന് വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ബി.ജെ.പിയ്ക്ക് പോയെന്ന് യു.ഡി.എഫും എല്‍.ഡി.എഫും പരാതി ഉന്നയിച്ചിരുന്നു.