ന്യൂഡല്‍ഹി: മഹാരാഷ്ട്രയിൽ സിക്ക വൈറസ് കേസുകൾ സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. സിക്ക വെെറസ് ബാധിച്ച ഗർഭിണികളെയും, അവരുടെ ഗർഭസ്ഥ ശിശുക്കളെയും പ്രത്യേകം പരിശോധിക്കുകയും, നിരന്തര നിരീക്ഷണം ഉറപ്പാക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
പ്രധാനമായും ഈഡിസ് കൊതുകുകൾ പരത്തുന്ന രോഗമാണ് സിക്ക വൈറസ്. ഇത്തരം കൊതുകുകൾ സാധാരണ പകൽ സമയത്താണ് കടിക്കുന്നത്. 1947-ൽ ഉഗാണ്ടയിൽ ആദ്യമായി തിരിച്ചറിഞ്ഞ സിക്ക പിന്നീട് ലോകത്തിന്‍റെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചു. ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ, പസഫിക് ദ്വീപുകൾ, അമേരിക്ക എന്നിവിടങ്ങളിൽ റിപ്പോർട്ട് ചെയ്തു.
മഹാരാഷ്ട്രയിൽ 8 സിക്ക വൈറസ് കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ആശുപത്രികളും ആരോഗ്യസ്ഥാപനങ്ങളും കൊതുക് മുക്തമാക്കണം, ഇതിനായി നോഡൽ ഓഫീസറെ നിയമിക്കണം, ജനവാസ മേഖലകൾ, ജോലിസ്ഥലങ്ങൾ, സ്കൂളുകൾ, നിർമ്മാണ സ്ഥലങ്ങൾ എന്നിവിടങ്ങളിലും കീടങ്ങളെ തുരത്താനും, അണുമുക്തമാക്കുന്നതിനും നിർദ്ദേശിച്ചിട്ടുണ്ട്. പനി, സന്ധി വേദന, കണ്ണുകൾ ചുവപ്പ് നിറത്തിലേക്ക് മാറുക, പേശി വേദന, തലവേദന, ക്ഷീണം, ഛർദ്ദി, അടിവയറ്റിൽ വേദന എന്നിവയാണ് ലക്ഷണങ്ങള്‍.