CONGRESS| സെനിത് സാങ്മ വീണ്ടും കോണ്‍ഗ്രസിലേക്ക്; മേഘാലയയില്‍ നിര്‍ണായക രാഷ്ട്രീയ നീക്കം

Jaihind News Bureau
Tuesday, October 28, 2025

മേഘാലയന്‍ രാഷ്ട്രീയത്തില്‍ വലിയ സ്വാധീനം ചെലുത്തിക്കൊണ്ട്, മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ മുകുള്‍ സാങ്മയുടെ സഹോദരന്‍ സെനിത് സാങ്മ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തുന്നു. മുകുള്‍ സാങ്മ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ കായിക വകുപ്പ് മന്ത്രിയായിരുന്ന സെനിത് സാങ്മ, നാളെ മേഘാലയയിലെ പി.സി.സി. ആസ്ഥാനത്ത് വെച്ച് കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കും എന്നാണ് വിവരം.

ദീര്‍ഘകാലം കോണ്‍ഗ്രസിന്റെ മുന്‍നിര നേതാവായിരുന്ന മുകുള്‍ സാങ്മ 2021-ലാണ് പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മുകുളിന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്ന സെനിത്തിനെ സ്വന്തം ക്യാമ്പിലേക്ക് എത്തിക്കുന്നതിലൂടെ സംസ്ഥാനത്ത് ഒരു ശക്തമായ രാഷ്ട്രീയ നീക്കത്തിനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. സെനിത്തിന് ഗാരോ ഹില്‍സ് മേഖലയിലുള്ള സ്വാധീനം വരാനിരിക്കുന്ന ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സില്‍ തിരഞ്ഞെടുപ്പുകളിലും, 2028-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടിക്കു ഗുണം ചെയ്യുമെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു.

സെനിത്തിന്റെ തിരിച്ചുവരവോടെ, കോണ്‍ഗ്രസ് ഈ മേഖലയില്‍ പ്രതീകാത്മകമായ ഒരു ശക്തികേന്ദ്രം വീണ്ടെടുക്കുക മാത്രമല്ല, 2028 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ മുന്നണിയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഈ നീക്കം മേഘാലയ ടിഎംസിയിലെ ആഭ്യന്തര വിള്ളലുകള്‍ തുറന്നുകാട്ടുകയും ഗാരോ ഹില്‍സ് വോട്ട് ബാങ്ക് ഏകീകരിക്കാനുള്ള കോണ്‍ഗ്രസിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുകയും സംസ്ഥാനത്തെ അസ്ഥിരമായ രാഷ്ട്രീയ രംഗത്ത് അതിന്റെ പ്രസക്തി വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്നുവെന്നാണ് വിലയിരുത്തല്‍.