ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം: കാരിത്താസ് ആശുപത്രിക്കുനേരെ യുവമോര്‍ച്ചാ ആക്രമണം

Jaihind Webdesk
Thursday, June 6, 2019
Caritas-Hospital

 

കോട്ടയം: ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ കോട്ടയം കാരിത്താസ് ആശുപത്രിക്കെതിരെ യുവമോര്‍ച്ചാ ആക്രമണം. പ്രതിഷേധവുമായെത്തിയ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ആശുപത്രി അടിച്ചുതകര്‍ത്തു. ആശുപത്രിയുടെ ജനല്‍ച്ചില്ലുകള്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു.

ചികിത്സ നിഷേധിക്കപ്പെട്ട് രോഗി മരിച്ച സംഭവത്തില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യ, ചികിത്സാപ്പിഴവ് എന്നിവ ചൂണ്ടിക്കാട്ടി മൂന്ന് ആശുപത്രികള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ്, കാരിത്താസ്, മാതാ എന്നീ ആശുപത്രികള്‍ക്കെതിരെയാണ് കേസെടുത്തത്.

H1N1 പനി ബാധിച്ച് ആശുപത്രിയിലെത്തിയ ഇടുക്കി സ്വദേശി ജേക്കബ് തോമസ് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നാണ് മരിച്ചത്. വെന്‍റിലേറ്റര്‍ ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് രോഗിക്ക് ചികിത്സ നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയാറാകാഞ്ഞത്. പിന്നീട് കാരിത്താസ്, മാതാ എന്നീ സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും അവിടെയും ചികിത്സ നല്‍കാന്‍ തയാറായില്ല. രോഗിയെ വീണ്ടും മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ചികിത്സ ലഭിക്കാതെ ആംബുലന്‍സില്‍ കിടന്ന് രോഗിക്ക് മരണം സംഭവിക്കുകയായിരുന്നു.

ചികിത്സ ലഭിക്കാതെ മരിച്ച ജേക്കബ് തോമസിന്‍റെ ഇൻക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണിപ്പോള്‍. ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്മോർട്ടം നടത്തും.