യൂട്യൂബർ സ‍ഞ്ജു ടെക്കി കൂടുതൽ നിയമ കുരുക്കിൽ; കേസ് കോടതിയ്ക്ക് കൈമാറുന്നു

Jaihind Webdesk
Saturday, June 1, 2024

 

ആലപ്പുഴ: കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂൾ ഒരുക്കിയ സംഭവത്തിൽ പ്രമുഖ യൂട്യൂബർ സ‍ഞ്ജു ടെക്കിയുടെ കേസ് കൂടുതല്‍ നിയമനടപടികളിലേക്കു കടക്കുമെന്നുറപ്പായി. സഞ്ജുവിനെതിരെ ആർടിഒ എടുത്ത കേസ് ആലപ്പുഴ കോടതിയിലേക്ക് ഇന്ന് കൈമാറും. ഇതോടെ തുടർ പ്രോസീക്യൂഷൻ നടപടികൾ എടുക്കുന്നത് കോടതിയായിരിക്കും. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് ഈ നടപടി. ഒപ്പം യാത്ര ചെയ്ത കൂട്ടുകാർക്കും ഇതേ നടപടിയാണ്. ആർടിഒയേയും മാധ്യമങ്ങളെയും പരിഹസിച്ച് ഇന്നലെ സഞ്ജു വീഡിയോ പോസ്റ്റ്‌ ചെയ്തിരുന്നു. തുടർന്ന് ഹൈക്കോടതി സ്വമേധയാ ഇടപെടുകയായിരുന്നു.

സംഭവം വാര്‍ത്തയായതിനും കേസെടുത്തതിനും ശേഷം തനിക്കും തന്‍റെ ചാനലിനും വലിയ പ്രചാരം കിട്ടിയെന്നാണ് ഇയാളുടെ അവകാശവാദം. 10 ലക്ഷം രൂപ ചെലവിട്ടാല്‍പോലും കിട്ടാത്ത പ്രശസ്തി ലഭിച്ചെന്നും വീഡിയോയിലൂടെ പറയുന്നുണ്ട്.  ശിക്ഷാനടപടിയുടെ ഭാഗമായി എടപ്പാളിലെ എംവിഡി കേന്ദ്രത്തില്‍ ബോധവത്കരണ ക്ലാസ്സില്‍ പങ്കെടുക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. ഇതിനെയും നിസ്സാരവത്കരിക്കുന്ന രീതിയിലാണ് വീഡിയോ. ബോധവത്കരണയാത്ര ഒരു ട്രിപ്പായി മാറ്റുമെന്നും ഇതും വീഡിയോയ്ക്ക് വിഷയമാക്കുമെന്നുമാണ് ഇയാള്‍ പറഞ്ഞിരിക്കുന്നത്. നടപടി നേരിട്ടിട്ടും സര്‍ക്കാര്‍ സംവിധാനങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലാണ് വീഡിയോയെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

വീഡിയോ വൈറലാകാന്‍ കാറിന്‍റെ നടുവിലെ സീറ്റഴിച്ചുമാറ്റി ‘കുള’മൊരുക്കി യാത്രചെയ്തതിന് കലവൂര്‍ സ്വദേശി സഞ്ജുവിനും സംഘത്തിനുമെതിരേ ബുധനാഴ്ചയാണ് എംവിഡി നടപടിയെടുത്തത്. കാറിന്‍റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും ഇയാള്‍ക്കെതിരേ ആറു വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും ചെയ്തു. ചട്ടവിരുദ്ധമായി വാഹനങ്ങളിൽ മാറ്റങ്ങൾ വരുത്തുന്ന വ്ലോഗർമാർ അടക്കമുളളവർക്കെതിരെ കർശന നടപടി വേണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. സഞ്ജു ടെക്കിയുടെ കാര്യത്തിൽ സ്വീകരിച്ച നടപടികൾ മോട്ടോർ വാഹനവകുപ്പ് അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

മോട്ടോർ വാഹനവകുപ്പിന്‍റെ റിപ്പോർട്ട് അടുത്ത വെള്ളിയാഴ്ച പരി​ഗണിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റീസ് അനിൽ കെ നരേന്ദ്രൻ, പിബി അജിത് കുമാർ, അനിൽ കെ നരേന്ദ്രൻ, ഹരിശങ്കർ വി മേനോൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സംഭവം പരിഗണിച്ചത്. മോട്ടോർ വാഹന ചട്ടം ലംഘിക്കുന്ന വ്ളോഗർമാർക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാമെന്നും കോടതി സർക്കാരിനെ അറിയിച്ചു.