കൊവിഡ് ബാധിതര്‍ക്ക്‌ സാന്ത്വനവും ധൈര്യവും പകർന്ന് നിവിൻ പോളി ‘ഓൺ കോളിൽ’; അടുത്ത അതിഥി മഞ്ജു വാര്യര്‍

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്ന യൂത്ത് കോൺഗ്രസിന്‍റെ സേവന ക്യാംപെയിനായ യൂത്ത് കെയറിന്‍റെ ഭാഗമായി ഓണ്‍ കോള്‍
എന്ന പരിപാടി ആരംഭിച്ചു. കൊവിഡ് ബാധിതരും ഐസലേഷൻ വാർഡുകളിൽ കഴിയുന്നവരും ക്വാറന്‍റീന്‍ ചെയ്യപ്പെട്ടവരും അടക്കം കടുത്ത മാനസിക സമർദ്ദത്തിൽ കഴിയുന്ന ആളുകൾക്കും അവരെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും ആശ്വാസമായി വിവിധ മേഖലകളിലെ പ്രശസ്തരുടെ അപ്രതീക്ഷിത ഫോൺ കോൾ എത്തുന്ന പരിപാടിയാണ് ഓൺ കോൾ.

മലയാളിയുടെ പ്രിയതാരം നിവിൻ പോളിയായിരുന്നു ഓൺകോൾ പരിപാടിയിൽ ആദ്യ അതിഥി.  അടുത്ത അതിഥി മഞ്ജു വാര്യര്‍ ആണ് . നാളെ മഞ്ജു വാര്യര്‍ ഓണ്‍കോളില്‍ പങ്കെടുക്കും.

കേരളത്തിൽ ഏറ്റവും അധികം കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട കാസർഗോഡ് ജില്ലാസർക്കാർ ആശുപത്രിയിലെ ഡോ ഗണേഷിനോടാണ് നിവിൻ പോളി  ആദ്യം സംസാരിച്ചത്. രോഗികളെക്കാൾ സമ്മർദ്ദത്തിൽ രോഗത്തോട് പോരാടുകയും, ഈ വൈറസിനെ പൂർണമായി തുരത്തുന്നത് വരെ കുടുംബത്തിൽ നിന്നും അകന്ന് കഴിയണ്ടി വരികയും ചെയ്യുന്ന മുഴുവൻ ഡോക്ടർമാരുടെയും പ്രതിനിധിയായാണ് ഗണേഷ് സംസാരിച്ചത്.

രണ്ടാമത്തെ കോൾ അവിടുത്തെ തന്നെ സ്റ്റാഫ്‌ നഴ്സ് ദിവ്യക്ക് ആയിരുന്നു. നിവിൻ പോളി ആണ് ലൈനിൽ എന്നറിഞ്ഞപ്പോൾ ആദ്യം ദിവ്യ വിശ്വസിച്ചില്ല. നിവിനാണ് എന്ന് ബോധ്യമായപ്പോൾ കേരളത്തിൽ ലക്ഷക്കണക്കിന് നഴ്സുമാരുള്ളപ്പോൾ എന്നെ എന്തിനു വിളിക്കുന്നു എന്ന അമ്പരപ്പ് ആയി. പതുക്കെ ആ അമ്പരപ്പിൽ നിന്ന് മോചിതയായപ്പോൾ തൊഴിൽ സാഹചര്യങ്ങളെ പറ്റി വാചാലയായി. കോൾ ലൗഡ് സ്പീക്കറിലിട്ട് തന്റെ കൂടെയുള്ള നഴ്സ്മാരെ പ്രിയ താരത്തിന്‍റെ വാക്കുകൾ കേൾപ്പിക്കാനും ദിവ്യ മറന്നില്ല. അവരോടെല്ലാമായിട്ട് നിവിൻ പറഞ്ഞത് നിങ്ങൾ ജീവൻ പണയപ്പെടുത്തി മറ്റുള്ളവർക്കായി ചെയ്യുന്നന്ന ഈ മഹത് സേവനത്തിന് വാക്കുകൾ കൊണ്ട് എത്ര നന്ദി പറഞ്ഞാലും മതിയാകാതെ വരുമെന്നാണ്.

പിന്നെയാണ് കാസർകോട്ടെ തന്നെ പ്രായം കുറഞ്ഞ കോവിഡ് ബാധിതയായി ഐസൊലേഷനിൽ കഴിയുന്ന പത്താം ക്ലാസ്സുകാരിയായ ആ മിടുക്കിക്ക് കോൾ എത്തുന്നത്. പ്രേമം’ സിനിമയിലെ ജോർജ്ജിന്റെ ആരാധികയായ അവൾക്ക് പ്രിയ താരത്തിന്റെ ശബ്ദം നല്കിയ ആശ്വാസം ചെറുതല്ല. അപ്പോൾ തന്നെ ഈ സന്തോഷം കൂട്ടുകാരെ അറിയിക്കാനുള്ള ധൃതിയിൽ ആയിരുന്നു അവൾ. അസുഖവിവരങ്ങൾ അന്വേഷിക്കുന്നതിന് ഒപ്പം തന്നെ അസുഖം ഭേദമായി കഴിഞ്ഞാൽ കാസർഗോഡ് വരുമ്പോൾ കുറച്ചു നേരം ഒപ്പം ചിലവഴിക്കാം എന്ന് കൂടി ഉറപ്പ് കൊടുത്തിട്ടാണ് നിവിൻ കോൾ അവസാനിപ്പിച്ചത്.

തിരുവനന്തപുരത്ത് ചികിത്സയില്‍ കഴിയുന്ന വണ്ടൂര്‍ സ്വദേശി, ക്വാറന്‍റീനില്‍ കഴിയുന്ന പത്തനംതിട്ട സ്വദേശിനി, ഇറ്റലിയില്‍ നിന്ന് രോഗം പിടിപെട്ട് നാട്ടിലെത്തിയ ധനേഷ്, സര്‍ക്കാര്‍ നിര്‍ദേശാനുസരണം ദുബായില്‍ പോയി മടങ്ങിയെത്തിയതാണ് കൊല്ലത്തെ ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍, ഡോക്ടറായ ദിയ, സോജു ജോഷ്വാ എന്ന ചലച്ചിത്ര പ്രവര്‍ത്തകന്‍ തുടങ്ങിയവരോടും നിവിന്‍ സംസാരിച്ചു.

സോജു സംവിധാനം ചെയ്യുന്ന ആദ്യ സിനിമയുടെ ആവശ്യങ്ങൾക്കായി ഒമാനിൽ പോയി വന്ന ശേഷം ക്വാറന്‍റീനിൽ കഴിയുമ്പോഴാണ് കോൾ എത്തിയത്. സിനിമ വിശേഷം പറയുന്നതിനിടയിൽ ഇടപെട്ടു കൊണ്ട് സോജുവും നിവിനും ഒന്നിക്കുന്ന ഒരു സിനിമയുണ്ടാകട്ടെയെന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ ആശംസിച്ചു.

യൂത്ത് കെയർ പരുപാടികളോട് ഐക്യദാർഢ്യം അറിയിച്ച നിവിൻ , സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട്, സമൂഹത്തിലേക്ക് അസുഖം പകരാതിരിക്കാൻ ക്വാറന്‍റീനില്‍ കഴിയുന്നവരാണ് റിയൽ ഹിറോസ് എന്നും അഭിപ്രായപ്പെട്ടു.

 

Comments (0)
Add Comment