ഇന്ധനക്കൊള്ളയ്ക്കെതിരെ അലയടിച്ച് പ്രതിഷേധം ; യൂത്ത് കോൺഗ്രസ്‌ സൈക്കിൾ റാലിക്ക് ആവേശ സമാപനം

Jaihind Webdesk
Thursday, July 15, 2021

തിരുവനന്തപുരം : ഇന്ധനവില വർധനവിനെതിരെ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിൽ നയിച്ച പ്രതിഷേധ സൈക്കിൾ റാലി  രാജ്ഭവന് മുന്നിൽ സമാപിച്ചു. സമാപന സമ്മേളനം കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഉദ്ഘാടനം ചെയ്തു. 100 കി.മീറ്റർ പിന്നിട്ട സൈക്കിൾ റാലിക്ക് യാത്രയിലുടനീളം വൻ സ്വീകരണമാണ് ലഭിച്ചത്.

രാജ്ഭവന് മുന്നിൽ റാലിയെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപിയുടെ നേതൃത്വത്തിൽ മുതിർന്ന നേതാക്കൾ സ്വീകരിച്ചു. ഇന്ധന കൊള്ളയ്ക്ക് എതിരായ സമരം തുടരുമെന്നും ഫാസിസ്റ്റ് സർക്കാർ ജനജീവിതത്തെ ആകെ തകർത്തെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ധന വിലവർധനവിലൂടെയുള്ള അധികവരുമാനം ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ലെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയത്തിനെതിരെ ശക്തമായ പോരാട്ടം തുടരുമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ഇന്ധനവിലവർധനവിനൊപ്പം മറ്റു ഉൽപ്പന്നങ്ങളുടെയും വില അനിയന്ത്രിതമായി ഉയരുകയാണെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ വിഷയത്തിൽ ഒരു താൽപര്യവും കാണിക്കുന്നില്ലെന്നും  രമേശ്‌ ചെന്നിത്തല ആരോപിച്ചു.

യുഡിഎഫ് കൺവീനർ എം എം ഹസൻ, കെപിസിസി വർക്കിംഗ് പ്രസിഡന്‍റുമാരായ പി.ടി തോമസ്, ടി.സിദ്ദിഖ്, കെ.സി ജോസഫ്, മാത്യു കുഴൽനാടൻ എംഎൽഎ, വി ടി ബൽറാം തുടങ്ങിയവരും സമാപന സമ്മേളനത്തിൽ പങ്കെടുത്തു.