മാമലക്കണ്ടം കുറത്തിക്കുടി മാങ്കുളം റോഡിലൂടെ നായയുമായി യുവാക്കളുടെ യാത്ര; കേസെടുത്ത് വനം വകുപ്പ്

Jaihind Webdesk
Thursday, December 7, 2023

 

ഇടുക്കി: മാമലക്കണ്ടം കുറത്തിക്കുടി മാങ്കുളം റോഡിലൂടെ സഞ്ചരിച്ച യുവാക്കള്‍ക്കെതിരെ കേസെടുത്ത് വനം വകുപ്പ്. യാത്രക്കിടെ വാഹനം നിര്‍ത്തി യുവാക്കള്‍ വനത്തിനുള്ളില്‍ പ്രവേശിച്ചെന്നും ഒപ്പമുണ്ടായിരുന്ന നായയെ ഉപയോഗിച്ച് വന്യമൃഗങ്ങള്‍ക്ക് ശല്യമാകുന്ന വിധത്തില്‍ പെരുമാറിയെന്നുമാണ് കേസ് സംബന്ധിച്ച വനം വകുപ്പിന്‍റെ വിശദീകരണം.

മലയോര ഹൈവേയുടെ ആദ്യം പ്രഖ്യാപിച്ച അലൈന്‍മെന്‍റിന്‍റെ ഭാഗമാണ് മാമലക്കണ്ടം കുറത്തിക്കുടി മാങ്കുളം റോഡ്. ഇതുവഴിയുള്ള യാത്ര തടയരുതെന്ന കോടതി നിര്‍ദ്ദേശവുമുണ്ട്. ഈ റോഡിലൂടെ സഞ്ചരിച്ച പത്ത് യുവാക്കള്‍ക്കെതിരെയാണ് വനം വകുപ്പ് നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. യാത്രക്കിടെ ആവറുകുട്ടി ഭാഗത്തുവെച്ച് യുവാക്കള്‍ വാഹനം നിര്‍ത്തിയെന്നും വനത്തിനുള്ളില്‍ പ്രവേശിച്ചെന്നും ഒപ്പമുണ്ടായിരുന്ന നായയെ ഉപയോഗിച്ച് വന്യമൃഗങ്ങള്‍ക്ക് ശല്യമാകുന്ന വിധത്തില്‍ പെരുമാറിയെന്നുമാണ് കേസ്. ഇന്നലെ ഉച്ചക്ക് ശേഷമായിരുന്നു സംഭവം നടന്നത്. പത്ത് പേര്‍ക്കെതിരെയാണ് വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവരെ അടിമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
എന്നാല്‍ ദുരുദ്ദേശ്യത്തോടെയാണ് വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും വനത്തിനുള്ളില്‍ പ്രവേശിച്ചുവെന്ന വനംവകുപ്പിന്‍റെ വാദമടക്കം തെറ്റാണെന്നും യുവാക്കളും യുവാക്കളുടെ ബന്ധുക്കളും പറയുന്നു.

പത്തു പേരില്‍ നാലു പേര്‍ പുത്തന്‍കുരിശ് ഭാഗത്തു നിന്ന് വന്നവരും ബാക്കി 6 പേര്‍ പെരുമ്പാവൂര്‍ ഭാഗത്തു നിന്ന് വന്നവരുമാണ്. രണ്ട് സംഘങ്ങളായിട്ടായിരുന്നു ഇവര്‍ മാമലക്കണ്ടം കുറത്തിക്കുടി മാങ്കുളം റോഡിലൂടെ സഞ്ചരിച്ചത്. ഇരു സംഘങ്ങളും തമ്മില്‍ മുന്‍ പരിചയമില്ല. വനം വകുപ്പിന്‍റെ തന്നെ അനുവാദം മേടിച്ച ശേഷമായിരുന്നു തങ്ങള്‍ പാതയിലൂടെയുള്ള യാത്ര ആരംഭിച്ചതെന്ന് യുവാക്കള്‍ പറയുന്നു.

പെരുമ്പാവൂരില്‍ നിന്നുള്ള സംഘമായിരുന്നു മുന്നില്‍ പോയത്. പുത്തന്‍കുരിശില്‍ നിന്നുള്ള യുവാക്കള്‍ പിറകെയും പോയി. പെരുമ്പാവൂരില്‍ നിന്നുള്ള യുവാക്കള്‍ക്കൊപ്പമായിരുന്നു നായ ഉണ്ടായിരുന്നത്. വഴിമധ്യേ യാദൃശ്ചികമായാണ് ഇരുസംഘങ്ങളും കണ്ടുമുട്ടുന്നത്. യാത്രാമധ്യേ പാതയോരത്ത് വാഹനം നിര്‍ത്തി ഒരല്‍പ്പസമയം വിശ്രമിക്കുന്നതിനിടെയാണ് വനം വകുപ്പുദ്യോഗസ്ഥര്‍ ഇതുവഴിയെത്തിയതെന്നും തങ്ങളെ കസ്റ്റഡിയില്‍ എടുക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ഉണ്ടായതെന്നും യുവാക്കള്‍ പറയുന്നു. വനത്തിനുള്ളില്‍ അതിക്രമിച്ച് കടന്നുവെന്ന വകുപ്പ് ഉള്‍പ്പെടെ ചുമത്തിയാണ് വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.