കാലിക്കറ്റ് സര്‍കലാശാലയില്‍ പിന്‍വാതില്‍ നിയമനത്തിന് സിപിഎം നീക്കം ; മന്ത്രി ജലീല്‍ തട്ടിപ്പിന് കൂട്ടുനില്‍ക്കുന്നു: യൂത്ത് ലീഗ്

Jaihind News Bureau
Tuesday, September 22, 2020

 

കോഴിക്കോട് : കാലിക്കറ്റ് സര്‍കലാശാലയില്‍ പിന്‍വാതില്‍ നിയമനത്തിനും അഴിമതിക്കും സി.പിഎം ശ്രമം നടത്തുന്നതായി യൂത്ത് ലീഗ്. 116 അധ്യാപക തസ്തികകളിലേക്ക് പിന്‍വാതില്‍ വഴിയും പണം വാങ്ങിയും നിയമനം നടത്താനാണ് സി.പി.എം തയ്യാറെടുക്കുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആരോപിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇതിനെല്ലാം കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫസർ, അസോ. പ്രൊഫസർ, അസിസ്റ്റന്‍റ് പ്രൊഫസർ എന്നീ തസ്തികകളിലേക്കാണ് അനധികൃത നിയമനം.

സര്‍വ്വകലാശാല നിയമനങ്ങള്‍ ബാക്ക്‌ലോഗ് നികത്തിയും സംവരണതത്വങ്ങള്‍ പാലിച്ചുമാണ് നടത്തേണ്ടത്. എന്നാല്‍ 04.03.2020ല്‍ ഇറക്കിയ ഉത്തരവ് പ്രകാരം ബാക്ക്‌ലോഗ് നികത്താതെ നിയമനം നടത്താനാണ് സര്‍വ്വകലാശാല തീരുമാനിച്ചിട്ടുള്ളത്. നിയമനവുമായി ബന്ധപ്പെട്ട ഫയലുകള്‍ മാന്വല്‍ ഫയലുകള്‍ ആയിരിക്കണമെന്നതും ഉത്തരവില്‍ പറയുന്നുണ്ട്. 2012 മുതല്‍ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറിയ സര്‍വ്വകലാശാലയില്‍ നിയമനത്തെ സംബന്ധിച്ച ഫയലുകള്‍ മാന്വല്‍ ഫയലുകള്‍ ആവണമെന്ന് പറയുന്നത് കൃത്രിമം കാണിക്കാനാണെന്ന് വ്യക്തമാണ് എന്നും പികെ ഫിറോസ് പറയുന്നു.

ഏതൊക്കെ തസ്തികകളിലേക്കാണ് സംവരണം എന്നത് നോട്ടിഫിക്കേഷനില്‍ വ്യക്തമാക്കിയിട്ടില്ല. ഇത് അഴിമതിക്കും സ്വജനപക്ഷപാതത്തിനും വേണ്ടിയാണ്. ബാക്ക്‌ലോഗ് നികത്താതെയും സംവരണ തസ്തികകള്‍ ഏതെന്ന് വ്യക്തമാക്കാതെയും കാലിക്കറ്റ് സര്‍വ്വകലാശാലയിലേക്ക് നടക്കാനിരിക്കുന്ന അധ്യപക നിയമന നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് മുസ്ലീം യൂത്ത്‌ലീഗ് ആവശ്യപ്പെട്ടു. നിയമനം പൂര്‍ണ്ണമായും പി.എസ്.സിക്ക് വിടുകയോ സുതാര്യമായ രീതിയില്‍ നിയമനം നടത്തണം അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് യൂത്ത്‌ ലീഗ് നേതൃത്വം കൊടുക്കുമെന്നും പി.കെ ഫിറോസ് വ്യക്തമാക്കി.