ന്യൂഡല്‍ഹി: കശ്മീരിൽ സൈന്യം കസ്റ്റഡിയിലെടുത്ത മൂന്നു പേർ കൊല്ലപ്പെട്ടതിൽ ബ്രിഗേഡിയറടക്കം നാലുപേർക്കെതിരെ നടപടി. ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. കരേസനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ ജമ്മു-കശ്മീരില്‍ സന്ദർശനം നടത്തിയിരുന്നു.
ജമ്മു-കശ്മീരിലെ സുരൻകോട്ടിൽ മൂന്നു നാട്ടുകാർ കൊല്ലപ്പെട്ടതിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ ബ്രിഗേഡിയറടക്കം നാലുപേർക്കെതിരെ നടപടിയെടുത്തു കരസേന. ആഭ്യന്തര അന്വേഷണത്തിന് പുറമെ ബ്രിഗേഡ് തല അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. സംഭവത്തിൽ ജമ്മു-കശ്മീർ പോലീസ് കേസെടുത്തിരുന്നു. ചോദ്യം ചെയ്യുന്നതിനായി സൈന്യം കസ്റ്റഡിയിൽ എടുത്തവരാണ് കൊല്ലപ്പെട്ടതെന്നാണ് നാട്ടുകാർ ആരോപിച്ചിരുന്നത്. സംഭവത്തിൽ രാഷ്ട്രീയ പാർട്ടികളും നാട്ടുകാരും പ്രതിഷേധം തുടരുകയാണ്. അന്വേഷണവുമായി സഹകരിക്കുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വന്‍ വിമർശനമാണ് ഉയർത്തുന്നത്.
അതേസമയം ശ്രീനഗറിലും പൂഞ്ചിലും രജൗറിയിലും കഴിഞ്ഞ ദിവസങ്ങളിൽ ഭീകരാക്രമണങ്ങളുണ്ടായ സാഹചര്യത്തിലാണ് കരസേനാ മേധാവി ജമ്മു-കശ്മീരിലെത്തിയത്. സുരാന്കോട്ടിലും രജൗറിയിലും ഭീകരര്‍ക്കെതിരെ നടക്കുന്ന ഓപ്പറേഷനുകളുടെ പുരോഗതി കരസേനാ മേധാവി വിലയിരുത്തി. പൂഞ്ച് ജില്ലയില്‍ വ്യാപകമായി ജമ്മു-കശ്മീര്‍ പോലീസിനെയും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചു. നിയന്ത്രണരേഖയിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
അതിനിടെ ദേരാ കി ഖലിയില്‍ വീരമൃത്യുവരിച്ച സൈനികരുടെ മൃതദേഹങ്ങള്‍ ജന്മാനാടുകളിലെത്തിച്ചു .
പൂഞ്ചില്‍ നിന്ന് പിടികൂടിയ മൂന്നു യുവാക്കള്‍ സൈന്യത്തിന്റെ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പ്രതിഷേധ സാധ്യത കണക്കിലെടുത്ത്, പൂഞ്ചിലും രജൗറിയിലും ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് വിലക്ക് തുടരുകയാണ്. ഭീകരരെ തിരഞ്ഞുപോയ സൈന്യത്തിന്റെ രണ്ട് വാഹനങ്ങള്‍ക്കുനേരെ വ്യാഴാഴ്ചയാണ് ഭീകരര്‍ ആക്രമണം നടത്തിയത്.