കൊച്ചി നെട്ടൂരിൽ യുവാവിനെ കൊലപ്പെടുത്തി ചതുപ്പിൽ താഴ്ത്തി. കുമ്പളം സ്വദേശി അർജുൻ ആണ് കൊല്ലപ്പെട്ടത്. നാല് സുഹൃത്തുക്കൾ പിടിയിലായി. ഇവർ ലഹരികച്ചവട സംഘത്തിലെ അംഗങ്ങൾ എന്നാണ് സൂചന. അന്വേഷണത്തിൽ പോലീസ് വീഴ്ച വരുത്തിയെന്ന് അർജുന്റെ പിതാവ് ആരോപിച്ചു.
കുറ്റിക്കാട്ടിലെ ചെളിയില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ നെട്ടൂര്‍ റെയില്‍വെ സ്റ്റേഷന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അര്‍ജുന്റെ സുഹൃത്തുക്കളായ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെയാണ് നെട്ടൂര്‍ മേല്‍പ്പാലത്തിനു വടക്ക് ഭാഗത്ത് ഒരു കിലോമീറ്റര്‍ അകലെ റെയില്‍വേ ട്രാക്കിന് പടിഞ്ഞാറ് കുറ്റിക്കാടിനുള്ളിലെ ആള് താമസമില്ലാത്ത സ്ഥലത്ത് മൃതദേഹം കണ്ടെത്തിയത്.
കുമ്പളം മാന്നനാട്ട് വീട്ടില്‍ എം.എസ്. വിദ്യന്റെ മകനാണ് അര്ജുന്. ഒരാഴ്ച മുമ്പ് അര്‍ജുനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പനങ്ങാട് പോലീസിന് പരാതി കൊടുത്തിരുന്നു. എന്നാല്‍ പരാതി പോലീസ് ഗൗരവമായി അന്വേഷിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. അര്‍ജുന്റെ തിരോധാനത്തില്‍ സുഹൃത്തുക്കളായ റോണി, നിപിന് എന്നിവരെ സംശയിക്കുന്നതായി പരാതിയില്‍ പറഞ്ഞിരുന്നെങ്കിലും പോലീസ് ഇവരെ ചോദ്യം ചെയ്തുവിടുകയായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു.
ബുധനാഴ്ച അര്‍ജുന്റെ പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തു. ഇതോടെ ജനപ്രതിനിധികളും മറ്റും ഇടപെട്ടതിനെ തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശമനുസരിച്ച് കേസ് അന്വേഷണം ആരംഭിക്കുകയും പനങ്ങാട് പോലീസ് ഈ സംഘത്തെ വീണ്ടും ചോദ്യം ചെയ്യുകയും ചെയ്തു.
ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് യുവാവിന്റെ നാല് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.