മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ യുവാക്കളുടെ വാഹനാഭ്യാസം; യാത്രക്കാരെ അപകടത്തിലാക്കുന്ന മരണക്കളി

Jaihind Webdesk
Monday, June 3, 2024

 

ഇടുക്കി: ദേശീയപാതയില്‍ സുരക്ഷാ നിയമങ്ങൾ കാറ്റിൽ പറത്തി  വാഹനങ്ങൾ ഓടിക്കുന്നവരുടെയും യാത്ര  ചെയ്യുന്നവരുടെയും എണ്ണമേറുന്നു. കഴിഞ്ഞ ദിവസം കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ വാഹനത്തിനുള്ളിൽ നിന്ന് തലയും ഉടലും പുറത്തിട്ട് യാത്ര ചെയ്യുന്ന യുവാവിന്‍റെയും യുവതിയുടെയും ദൃശ്യങ്ങൾ നടുക്കമുളവാക്കുന്നതാണ്. അപകടങ്ങൾ ഒഴിവാക്കാൻ ദേശീയ പാതയിൽ സഞ്ചരിക്കുന്ന വാഹനങ്ങളെ നിരീക്ഷിക്കാനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫ്ലയിംഗ് സ്ക്വാഡിനെ നിയോഗിക്കണമെന്ന ആവശ്യവും ഇതിനോടകം ശക്തമായി.

കഴിഞ്ഞ ദിവസം കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ ലോക്കാട് ഗ്യാപ്പ് ഭാഗത്ത് നിന്നും പകർത്തിയ ദൃശ്യങ്ങളാണ് ഇത്. അമിത വേഗത്തിൽ സഞ്ചരിക്കുന്ന കാറിൽ നിന്നും ഒരു യുവാവും യുവതിയും ഡോറിലെ വിൻഡോയിലൂടെ തലയും ഉടലും പുറത്തിട്ട് യാത്ര ചെയ്യുന്ന ദൃശ്യങ്ങളായിരുന്നു ഇത്. വീതി കൂടിയ പാതയിൽ മറ്റു വാഹനങ്ങളെ കണക്കിലെടുക്കാതെ ഇടം വലം വീശിയെടുത്ത് അത്യന്തം ആപത്കരമായി യാത്ര ചെയ്യുന്ന ദൃശ്യം നടുക്കമുളവാക്കുന്നതാണ്. അപകട സാധ്യത ഉണർത്തുന്ന ഇത്തരം യാത്രകൾ ഒഴിവാക്കാനും നിയന്ത്രിക്കാനും ശക്തമായ നിരീക്ഷണ സംവിധാനങ്ങൾ ഇല്ലാത്തത് ഇത്തരം അപകട യാത്രകൾ നിരന്തരം ഉണ്ടാക്കുന്നതിന് കാരണമാകുന്നു.

സാഹസികമെന്ന പേരിൽ ചെറുപ്പക്കാരായ യാത്രക്കാരാണ് ഇത്തരം അപകട യാത്രകൾ നടത്തുന്നത്. ചെറുപ്പക്കാരെ കുത്തിനിറച്ച് ഈ പാതയിലൂടെ പായുന്ന ജീപ്പുകളും നിരന്തര കാഴ്ചയാണ്. ഹൈറേഞ്ചിലെ ഏറ്റവും മികച്ച റോഡായി മാറിയ ലോക്കാട് ഗ്യാപ്പ് ഭാഗത്താണ് വാഹനങ്ങൾ യാത്രക്കാരുടെ ജീവൻ പണയം വച്ച് സാഹസിക യാത്രയ്ക്ക് മുതിരുന്നത്. ദേശീയപാതയിൽ 24 മണിക്കൂറും പ്രവർത്തന സജ്ജമായ ഫ്ലയിംഗ് സ്ക്വാഡിനെ നിയോഗിച്ച് ഗതാഗത നിയമങ്ങൾ അട്ടിമറിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ എടുത്ത് ഇത്തരം അപകട യാത്രകൾ ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.