പത്തനാപുരം: കൊവിഡ് 19നെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഒറ്റപ്പെട്ടുപോയ മലയോരമേഖലയിലെ ആദിവാസി കുടുംബങ്ങൾക്ക് കൈതാങ്ങായി യൂത്ത് കോൺഗ്രസ്. സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി ബുദ്ധിമുട്ടിൽ കഴിയുന്ന ആളുകൾക്ക് പലവ്യഞ്ജന സാധനങ്ങളും പച്ചക്കറികളും നൽകി.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ:എം സാജുഖാന്‍റെ നേതൃത്വത്തിലാണ് സമൂഹത്തിലെ വിവിധ മേഖലയിൽ നിന്നും കളക്ട് ചെയ്ത സാധനങ്ങൾ എത്തിക്കുന്നത്. ഇതു വരെ 4500 കിറ്റുകളാണ് വിതരണം ചെയ്തിട്ടുള്ളത്. പിറവന്തൂർ ഗ്രാമപഞ്ചായത്തിലെ കുരിയോട്ടുമല ആദിവാസി കോളനി, പനവേലി കോളനി, മുള്ളുമല ഗിരിജൻ കോളനി, ഓലപ്പാറ കോളനി, അച്ചൻകോവിൽ തുടങ്ങിയ മേഖലയിലും, വിളക്കുടി പഞ്ചായത്തിലെ ഒന്നാം വാർഡ്, ലക്ഷംവീട് കോളനി, ധർമ്മ പുരം കോളനി, തേക്കും മുകൾ കോളനി, ചാക്കുപാറ കോളനിയിലും കിഴക്കേ വെള്ളംതെറ്റി ട്രൈബൽ കോളനിയിലും, പത്തനാപുരം പഞ്ചായത്തിലെ ആറന്മുള ലക്ഷംവീട് കോളനി, മലങ്കാവ് ലക്ഷംവീട് കോളനി, കുണ്ടയം,വേടൻചിറ യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി സഹായം എത്തിച്ചു നൽകിയത്. വരും ദിവസങ്ങളിൽ വിവിധ പഞ്ചായത്തുകളിലെ കോളനി പ്രദേശങ്ങൾ കേന്ദ്രീകരിച്ചും മറ്റ് സ്ഥലങ്ങളിൽ ബുദ്ധിമുട്ടിൽ കഴിയുന്ന കുടുംബങ്ങളെ കണ്ടെത്തിയും കിറ്റുകൾ നൽകുമെന്ന് യൂത്ത് അഡ്വ. സാജുഖാൻ പറഞ്ഞു.