വാളയാറില്‍ കുടുങ്ങികിടന്നവര്‍ക്ക് യൂത്ത് കോണ്‍ഗ്രസിന്‍റെ സഹായം; ഭക്ഷണവും വെള്ളവും എത്തിച്ചുനല്‍കി യൂത്ത് കെയർ പ്രവർത്തകർ

Jaihind News Bureau
Sunday, May 10, 2020

 

വിവിധ സംസ്ഥാനങ്ങളിൽനിന്ന് എത്തി വാളയാറിൽ കുടുങ്ങിയ മലയാളികൾക്കും അതിർത്തിയിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥർക്കും സഹായഹസ്തവുമായി യൂത്ത് കോൺഗ്രസിന്റെ യൂത്ത് കെയർ വിഭാഗം. ലോക്ഡൗൺ മൂലം കുടുങ്ങിക്കിടന്ന വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ആളുകൾക്കാണ് ലഘുഭക്ഷണവും, ഉച്ച ഭക്ഷണവും വെള്ളവും ഉൾപ്പെടെ യൂത്ത് കെയർ പ്രവർത്തകർ വിതരണം ചെയ്തത്. ചുട്ടുപൊള്ളുന്ന വെയിലിൽ വാളയാർ ദേശീയ പാതയിൽ കുടുങ്ങിക്കിടക്കുന്ന സ്ത്രീകളും കുട്ടികളും വയോധികരും ഉൾപ്പെടെയുള്ള നൂറുകണക്കിനാളുകളാണ് യൂത്ത് കെയർ സഹായഹസ്തവുമായി എത്തിയത്.

കൂടാതെ തമിഴ്നാട്, കേരള അതിർത്തിയിൽ ജോലിചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർ, ആരോഗ്യ വകുപ്പ് ജീവനക്കാർ, റവന്യൂ ഉദ്യോഗസ്ഥർ, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എന്നിവർക്കും ഭക്ഷണം എത്തിച്ചു കൊടുത്തു. വാളയാർ ചെക്പോസ്റ്റിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇത്തരത്തിൽ ഭക്ഷണവും വെള്ളവും എത്തിച്ചു നൽകുന്നുണ്ട്.

അതേസമയം യൂത്ത് കോൺഗ്രസിന്റെ പ്രവർത്തനം കണ്ട് ഇതിനെ തടയിടാനായി ഡിവൈഎഫ്ഐ പ്രവർത്തകർ ലോക്ക് ഡൗൺ ലംഘനമെന്ന് വ്യാജപ്രചരണവുമായി രംഗത്തെത്തി. അവശതയോടെ കിടക്കുന്ന ആളുകൾക്ക് സഹായമെത്തിക്കുന്നത്തിൽ പിൻമാറില്ലെന്ന ഉറച്ച നിലപാടിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. യൂത്ത് കോൺഗ്രസ് ഭാരവാഹികളായ രതീഷ് പുതുശ്ശേരി, എസ് സനൂപ്, ഷാജി പുതുശ്ശേരി, ഹക്കീം കൽമണ്ഡപം, അജാസ് കോൺഗ്രസ് ഭാരവാഹിയായ എൻ മുരളീധരൻ എന്നിവരാണ് സഹായഹസ്തവുമായി വാളയാറിൽ എത്തിയത്