‘നവ ഇന്ത്യക്ക് യുവ ശക്തി’: യൂത്ത് കോണ്‍ഗ്രസിന്‍റെ ‘യംഗ് ഇന്ത്യ’ ക്യാമ്പെയ്ന് തുടക്കമായി; ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു

Jaihind Webdesk
Sunday, June 30, 2024

 

കാസറഗോഡ്: യൂത്ത് കോണ്‍ഗ്രസിന്‍റെ ‘യംഗ് ഇന്ത്യ’ ക്യാമ്പെയ്ന് കാഞ്ഞങ്ങാട് തുടക്കമായി.  ക്യാമ്പെയ്നിന്‍റെ സംസ്ഥാന തല ഉദ്ഘാടനം യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. യുവാക്കളെ താഴെത്തട്ടിൽ കൂടുതൽ സംഘടിതരാക്കി അതിലൂടെ ഭരണഘടനാ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന, രാഷ്ട്രീയാവബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കാനും വേണ്ടിയുള്ള ഉദ്യമമാണ് യൂത്ത് കോൺഗ്രസ് നടത്തുന്നത്.

ഇന്ത്യയുടെ വീണ്ടെടുപ്പിന് ആവേശം പകരുന്നൊരു തിരഞ്ഞെടുപ്പാണ് കടന്നുപോയത്. അത് പൂർണ്ണതയിലേക്ക് എത്തണമെങ്കിൽ യുവാക്കൾ കൂടുതൽ സംഘടിതരായി മുന്നോട്ടുവരണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ‘യംഗ് ഇന്ത്യ’ ക്യാമ്പെയ്നിലൂടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റിന്‍റെയും സഹപ്രവർത്തകരുടെയും നേതൃത്വത്തിൽ ഒരു ലക്ഷത്തോളം ബൂത്തുതല നേതാക്കന്മാരെ നേരില്‍ കണ്ടു സംവദിക്കും. 60 ദിവസങ്ങളിലായി 140 നിയോജക മണ്ഡലങ്ങളിലൂടെ യാത്ര ചെയ്ത് 25,000 ബൂത്തുകളിലെ നേതാക്കന്മാരുമായി സംവദിക്കുന്നതാണ് പരിപാടി.

‘നവ ഇന്ത്യക്ക് യുവ ശക്തി’ എന്നതാണ് ക്യാമ്പെയ്ന്‍റെ മുദ്രാവാക്യം. ഭാവി തിരഞ്ഞെടുപ്പുകളില്‍ യുവജന പോരാട്ടത്തിന് ശക്തമായ അടിത്തറയൊരുക്കാനാണ് ‘യംഗ് ഇന്ത്യ’ ക്യാമ്പെയ്നിലൂടെ ലക്ഷ്യമിടുന്നത്. കെപിസിസി ഉപാധ്യക്ഷൻ വി.ടി. ബൽറാം, ഡിസിസി പ്രസിഡന്‍റ് പി.കെ. ഫൈസൽ, യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി സി.ബി. പുഷ്പലത, വൈശാഖ് നാരായണസ്വാമി തുടങ്ങിയവർ പങ്കെടുത്തു.